പാലക്കാട്: അട്ടപ്പാടി ചുരം റോഡ് നന്നാക്കാത്തതിനെതിരെ ചുരത്തിലൂടെ കാളവണ്ടി വലിച്ച് പ്രതിഷേധം. അട്ടപ്പാടിയിലെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ആനമൂളി ചെക്പോസ്റ്റ് മുതൽ മുക്കാലി വരെയായിരുന്നു പ്രതിഷേധ പ്രകടനം.

മണാർക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള റോഡ് പൂർണമായും തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കനത്തമഴയിൽ മണ്ണിടിഞ്ഞ് ദിവസങ്ങളോളം പ്രദേശത്തെ ഗതാഗതം നിർത്തിവച്ചിരുന്നു. മണ്ണുനീക്കി പാത തുറന്നു കൊടുത്തതല്ലാതെ റോഡിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയിരുന്നില്ല. യാത്ര ദുർഘടമായതോടെയാണ് കാളവണ്ടി വലിച്ച് പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരെത്തിയത്. ആനമൂളി ചെക്പോസ്റ്റ് മുതൽ മുക്കാലി വരെയാണ് പ്രതിഷേധം നടത്തിയത്.

82 കോടിരൂപ ചെലവിട്ട് പാത ഉടൻ നന്നാക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം മണ്ണിടിച്ചിലുണ്ടായ ഇവിടെ പാർശ്വഭിത്തി കെട്ടിയതല്ലാതെ മറ്റൊരു നിർമ്മാണ പ്രവർത്തനവും നടന്നില്ല. മഴ മാറിയാൽ പണി തുടങ്ങുമെന്നാണ് ഔദ്യോഗിക വിശദീകണം. എന്നാൽ സമരത്തിന്റെ അടുത്തഘട്ടം ഉടൻ ഉണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു.