ജനവാസമേഖലയിൽ വീട് വാടകയ്ക്കെടുത്ത് നായ്ക്കളെ വളര്‍ത്തുന്നതിൽ അടൂരിലും പ്രതിഷേധം. അടൂരിലെ അന്തിച്ചിറയിൽ കോഴഞ്ചേരി സ്വദേശികളായ അമ്മയും മകനുമാണ് 100ലധികം നായ്ക്കളെ രണ്ട് വാടക വീടുകളിലായി താമസിപ്പിച്ചിരിക്കുന്നത്. നായ്ക്കളുടെ ശബ്ദവും മാലിന്യവും കാരണം ബുദ്ധിമുട്ടിലാണെന്ന് നാട്ടുകാര്‍.

പത്തനംതിട്ട: എറണാകുളം കുന്നത്തുനാടിന് പിന്നാലെ പത്തനംതിട്ട അടൂരിലും ജനവാസ മേഖലയിൽ നായ്ക്കളെ വീട്ടിനുള്ളിൽ കൂട്ടത്തോടെ വളര്‍ത്തുന്നുവെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. പത്തനംതിട്ട അടൂര്‍ അന്തിച്ചിറയിൽ രണ്ടു വാടക വീടുകളിലായിട്ടാണ് നായ വളര്‍ത്തൽ കേന്ദ്രം. നൂറിലധികം നായ്ക്കള്‍ ഇവിടെയുണ്ടെന്നും നായ്ക്കളുടെ കുര കാരണം ഉറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും അസഹനീയമായ ദുര്‍ഗന്ധമാണെന്നും നാട്ടുകാര്‍ ആരോപിച്ചു.

കോഴഞ്ചേരി സ്വദേശികളായ അമ്മയും മകനുമാണ് ഇവിടെ താമസിക്കുന്നത്. അടുത്തടുത്തായുള്ള പഴയ വീട്ടിലും പുതിയ വീട്ടിലുമായാണ് നൂറിലധികം നായ്ക്കളെ പാര്‍പ്പിച്ചിരിക്കുന്നത്. പലതവണ പഞ്ചായത്ത് ഇടപെട്ട് ഇവരോട് ഇവിടെ നിന്ന് നായ്ക്കളെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നതാണെന്നും പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞിരുന്നതാണെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു. കഴിഞ്ഞ മാസം അവസാനത്തോടെ നായ്ക്കളെ മാറ്റണമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഇവര്‍ സ്വീകരിച്ചിട്ടില്ലെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു. 

അസഹനീയമായ ദുർഗന്ധവും കുരയും, യുവതി വാടക വീട്ടിൽ പാർപ്പിച്ചത് 42 തെരുവുനായ്ക്കളെ ; പ്രതിഷേധവുമായി നാട്ടുകാർ



നായ്ക്കളുടെ കുരയും ശബ്ദവും കാരണം രാത്രി മനുഷ്യര്‍ക്ക് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് അയൽക്കാര്‍ പറഞ്ഞു. ഇതിന്‍റെ സമീപത്തായി തെരുവിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളുണ്ട് അതിനെയൊന്നും ഇവര്‍ പിടിക്കുന്നില്ല. നായ്ക്കളുടെ വിസര്‍ജ്യമടക്കമുള്ള മാലിന്യം കൊണ്ടുപോയി കനാലിന് സമീപത്താണ് തള്ളുന്നത്. നടന്നുപോകുന്ന കനാലിന് സമീപമാണ് മാലിന്യം തള്ളുന്നതെന്നും അതിഭീകരമായ മണമാണ് ഇതുമൂലമുള്ളതെന്നും നാട്ടുകാര്‍ ആരോപിച്ചു. പ്രതിഷേധവുമായി സ്ഥലത്ത് നാട്ടുകാരെത്തിയപ്പോള്‍ വൈകാരികമായിട്ടാണ് അമ്മയും മകനും പ്രതികരിച്ചത്. നായ്ക്കളെയടക്കം വിഷം നൽകി കൊല്ലാമെന്നും തങ്ങളും മരിക്കാമെന്നുമൊക്കെ വൈകാരികമായിട്ടാണ് ഇവര്‍ പ്രതികരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

YouTube video player