ബിനീഷിന്റെ മരണം ആസൂത്രിതമായ ആൾക്കൂട്ട കൊലപാതകം തന്നെയെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട തർക്കവുമാണ് കാരണമെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം.
കോഴിക്കോട്: കോഴിക്കോട് കൊളത്തൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ബിനീഷിന്റെ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. ബിനീഷിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊന്നതാണെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാൽ ബിനീഷിന്റെ ദേഹത്തെ മുറിവുകൾ വീഴ്ചയിൽ പറ്റിയതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ബിനീഷിന്റെ മരണം ആസൂത്രിതമായ ആൾക്കൂട്ട കൊലപാതകം തന്നെയെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട തർക്കവുമാണ് കാരണമെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. പരാതി നൽകി ഒരു മാസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാരും ബന്ധുക്കളും കാക്കൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. സാമൂഹിക പ്രവർത്തകരായ സി ആർ നീലകണ്ഠൻ, ഗ്രോവാസു തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു.
വീഴ്ചയിലുണ്ടായ പരിക്കുകളാണ് ബിനീഷിന്റെ ദേഹത്തുണ്ടായിരുന്നതെന്നും ആൾക്കൂട്ട മർദ്ദനത്തിന്റെ പാടുകളില്ലെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇത് പ്രതികളെ സഹായിക്കാൻ വ്യാജമായി നിർമ്മിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മാർച്ച് 25 ന് കരിയാത്തൻ കോട്ട ക്ഷേത്രത്തിന് സമീപം അബോധാവസ്ഥയിൽ കണ്ട ബിനീഷ് 28ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

