കുറിഞ്ഞി വസന്തം അവസാനിക്കാറായിട്ടും സഞ്ചാരികളുടെ ഒഴുക്ക് നിലച്ചിട്ടും പഴയ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ടിക്കറ്റ് കൗണ്ടര്‍ മാറ്റാത്തതില്‍ പ്രതിഷേധനവുമായെത്തിയ സിപിഐ പ്രവര്‍ത്തകര്‍ ടിക്കറ്റ് കൗണ്ടറില്‍ കയറി മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷത്തിനിടയാക്കി. 

ഇടുക്കി: കുറിഞ്ഞി വസന്തം അവസാനിക്കാറായിട്ടും സഞ്ചാരികളുടെ ഒഴുക്ക് നിലച്ചിട്ടും പഴയ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ടിക്കറ്റ് കൗണ്ടര്‍ മാറ്റാത്തതില്‍ പ്രതിഷേധനവുമായെത്തിയ സിപിഐ പ്രവര്‍ത്തകര്‍ ടിക്കറ്റ് കൗണ്ടറില്‍ കയറി മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷത്തിനിടയാക്കി. 

പോലീസിനെ വിവരമറിയച്ചതിന് ശേഷമാണ് പ്രതിഷേധക്കാര്‍ എത്തിയത്. എന്നാല്‍ പ്രതിഷേധക്കാരെത്തിയിട്ടും പോലീസെത്തിയില്ല. ഈ തക്കം നോക്കി പ്രതിഷേധക്കാര്‍ ടിക്കറ്റ് കൗണ്ടറില്‍ അതിക്രമിച്ച് കയറി മുദ്രാവാക്യം ആരംഭിച്ചത് സംഘര്‍ഷത്തിനിടയാക്കി. അരമണിക്കുറോളം പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ കൗണ്ടറിന്റെ പ്രവര്‍ത്തനം എത്രയും പെട്ടെന്ന് രാജമലയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് പോലീസെത്തിയാണ് ഇവരെ തടഞ്ഞത്. 

മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കറുപ്പസ്വാമിയുടെ നേതൃത്വത്തില്‍ ഒരാഴ്ച മുമ്പ് ട്രാഫിക്ക് അഡൈ്വസറി കമ്മിറ്റി കൂടിയിരുന്നു. കമ്മിറ്റിയില്‍ ടിക്കറ്റ് കൗണ്ടര്‍ പഴയമൂന്നാറില്‍ നിന്ന് രാജമലയിലേക്ക് മാറ്റണമെന്നും സന്ദര്‍കരുടെ വാഹനങ്ങള്‍ അഞ്ചാം മൈല്‍വരെ കടത്തിവിടുന്നതിന് സൗകര്യമൊരുക്കണമെന്നും ജനപ്രതിനിധികളും വ്യാപാരികളും ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കൗണ്ടര്‍ മാറ്റുന്നതിന് തീരുമാനമെടുത്തു. 

എന്നാല്‍ ജില്ലാ കളക്ടര്‍ ജീവന്‍ ബാബുവിന്‍റെ നിര്‍ദ്ദേശമില്ലാതെ ടിക്കറ്റ് കൗണ്ടര്‍ മാറ്റാന്‍ കഴിയില്ലെന് വനംവകുപ്പ് അറിയിച്ചതോടെയാണ് പ്രതിഷേധവുമായി വ്യാപാരികളും വിവിധ സംഘടനകളും രംഗത്തെത്തിയത്. പ്രളയത്തെ തുടര്‍ന്ന് മൂന്നാറിലെ വിനോദസഞ്ചാര മേഖല സ്തംഭനത്തിലായിരുന്നു. എന്നാല്‍ പ്രതീക്ഷിക്കാതെ മൂന്നാര്‍, മറയൂര്‍, വട്ടവട, കൊലുക്കുമല എന്നിവിടങ്ങളില്‍ കുറുഞ്ഞി വസന്തമെത്തിയതോടെ സന്ദര്‍ശകരുടെ കുത്തൊഴുക്ക് വര്‍ദ്ധിച്ചു. 

എന്നാല്‍ കലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ മൂന്നാര്‍ വീണ്ടും വിജനമായി. ഇപ്പോള്‍ ദിനേന പാര്‍ക്കിലെത്തുന്നവരുടെ എണ്ണം രണ്ടായിരത്തിലും താഴെയാണ്. കുറിഞ്ഞി വസന്തത്തിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. എന്നിട്ടും ടിക്കറ്റ് കൗണ്ടര്‍ മാറ്റാന്‍ ജില്ലാ ഭരണകൂടം തയ്യാറാകാത്തതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. പ്രതിഷേധ മാര്‍ച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി സന്തോഷ് ഉദ്ഘാടനം ചെയ്തു.