തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ വീണ്ടും പൊളിച്ചുമാറ്റി. നഗരസഭയുടെ നേതൃത്വത്തിലാണ് രാത്രി 9 മണിയോടെ പന്തലുകൾ പൊളിച്ചുമാറ്റിയത്. 

പാതയോരം കയ്യേറിയതിനെ തുടർന്നാണ് നഗരസഭയുടെ നടപടി. മൂന്ന് മാസം മുൻപ് നഗരസഭയും പൊലീസും ചേര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചുമാറ്റിയിരുന്നു. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചാണ് പത്തോളം സമരപ്പന്തലുകൾ അർധരാത്രിയില്‍ പൊളിച്ചുമാറ്റിയത്. എന്നാൽ വീണ്ടും പന്തലുകൾ കെട്ടിയതോടെയാണ് നഗരസഭ നടപടിയെടുത്തത്. അന്ന് കെഎസ്ആർടിസി എംപാനൽ ജീവനക്കാര്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിരുന്നത്.

ഇതിന് മുമ്പ് എ കെ ആന്‍റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സമരപ്പന്തലുകൾ മാറ്റാൻ നടപടിയുണ്ടായത്. എന്നാൽ പിന്നീടങ്ങോട്ട് സമരങ്ങളുടെ സ്ഥിരം വേദിയായി സെക്രട്ടേറിയറ്റ് പരിസരം മാറുകയായിരുന്നു. എൻഡോസൾഫാൻ സമരക്കാർ മുതൽ, വർഷങ്ങളായി സമരം നടത്തുന്ന അരിപ്പ ഭൂസമരക്കാർ വരെയുള്ളവരുടെ പ്രതിഷേധവേദിയായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാത.