സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയതിനും അക്കാദമിക നിലവാരം ഉയർത്തിയതിനും പി.ടി.എയും നാട്ടുകാരും ചേർന്ന് 13 ലക്ഷത്തിന്റെ കാർ പ്രധാന അധ്യാപകൻ പി.ടി.ബെന്നിക്ക് സ്നേഹസമ്മാനമായി നൽകി. 33 വർഷത്തെ സേവനത്തിന് ശേഷമാണ് ബെന്നി മാഷ് വിരമിക്കുന്നത്.
കാസർകോട്: സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപർക്ക് സാധാരണ വിദ്യാർത്ഥികളും സഹപ്രവർത്തകരും കൂടി യാത്രയയപ്പും സ്നേഹ സമ്മാനവും നൽകാറുണ്ട്. എന്നാൽ വിരമിക്കൽ ചടങ്ങിൽ പി.ടി.എയും നാട്ടുകാരും നൽകിയ സ്നേഹസമ്മാനം കണ്ട് അധ്യാപകൻ ഞെട്ടിപ്പോയി. 13 ലക്ഷത്തിന്റെ പുതു പുത്തൻ കാറാണ് അധ്യാപകന് നാട്ടുകാർ സമ്മാനിച്ചത്. ചെമ്മനാട് വെസ്റ്റ് ഗവ. യു.പി. സ്കൂൾ പ്രധാന അദ്ധ്യാപകൻ പി.ടി.ബെന്നിക്കാണ് സ്കൂളിന്റെ വാർഷികാഘോഷത്തിനൊപ്പം നടന്ന വിരമിക്കൽ ചടങ്ങിൽ ‘മാരുതി ബ്രസ’ കാർ സമ്മാനിച്ചത്. സ്ഥലപരിമിതിയും ഭൗതികസാഹചര്യക്കുറവും കാരണം വീർപ്പുമുട്ടിയ സർക്കാർ വിദ്യാലയത്തെ നിശ്ചയദാർഢ്യവും സാമൂഹിക പങ്കാളിത്തവുംകൊണ്ട് ഒന്നാമതെത്തിച്ചത്തിനുള്ള സമ്മാനമായിരുന്നു അത്.

ചടങ്ങിന്റെ തലേ ദിവസം എന്തോ ഉപഹാരം ഉണ്ടെന്നു പറയുന്നത് താൻ കേട്ടിരുന്നു. അതൊന്നും വേണ്ട എന്ന് താൻ പറഞ്ഞിരുന്നുവെന്നും ബെന്നി പറയുന്നു. കാർ സമ്മാച്ചപ്പോൾ ഞെട്ടിപ്പോയി. ഇത്രയും വലിയ ഒരു സമ്മാനം പ്രതീക്ഷിച്ചില്ലെന്നും മെയ് 31 ന് വിരമിച്ചാൽ ഈ കാറിൽ വീട്ടിലേക്ക് പോകുമെന്നും ബെന്നി പറഞ്ഞു. പി.ടി.എ.യും ബന്ധപ്പെട്ട കമ്മിറ്റികളും നാട്ടുകാരും അടങ്ങുന്ന കൂട്ടായ്മയാണ് കാർ നൽകിയതിന് പിന്നിൽ. 33 വർഷത്തെ സേവനത്തിനുശേഷം മേയ് 31നാണ് കണ്ണൂർ ഇരിട്ടി മണിക്കടവ് സ്വദേശിയായ പി.ടി.ബെന്നി വിരമിക്കുന്നത്. 2019 ജൂൺ ആറിനാണ് ബെന്നി ചെമ്മനാട് വെസ്റ്റ് സ്കൂളിലെത്തിയത്. മുൻപ് മറ്റു ചില വിദ്യാലയങ്ങളിൽ പ്രവർത്തിച്ചപ്പോഴുണ്ടാക്കിയ നേട്ടങ്ങൾ ശ്രദ്ധയിൽപ്പെട്ട പി.ടി.എ. ബെന്നിയെ സമീപിച്ച് സ്കൂളിലേക്ക് സേവനം മാറ്റാൻ അഭ്യർഥിക്കുകയായിരുന്നു. കോവിഡ് കാലത്ത് ഉൾപ്പെടെ 21 മാസം അദ്ദേഹം പ്രധാന അധ്യാപകന്റെ ചുമതല വഹിച്ചു. പിന്നീട് ഇവിടെത്തന്നെ പ്രധാന അധ്യാപകനായി സ്ഥാനക്കയറ്റം കിട്ടി.
582 കുട്ടികൾ പഠിക്കുന്ന വിദ്യാലയമായിരുന്നെങ്കിലും കാറ്റും വെളിച്ചവും കിട്ടാത്ത ഇടുങ്ങിയ ക്ലാസ് മുറികൾ, കളിസ്ഥലം ഇല്ലാത്ത അവസ്ഥ,ഭൂരിഭാഗവും അതിഥി അധ്യാപകർ തുടങ്ങിയ വലിയ ബുദ്ധിമുട്ടുകൾ സ്കൂളിൽ ഉണ്ടായിരുന്നു. ആദ്യം പുതിയ കെട്ടിടം നിർമിക്കാൻ ബെന്നി അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ 10 സെന്റ് ഭൂമി കണ്ടെത്തിയെങ്കിലും തീരദേശ നിയന്ത്രണനിയമം പുലിവാലായതിനാൽ രജിസ്ട്രേഷൻപോലും നടന്നില്ല. ഇതിനിടെ പി.ടി.എ., മദർ പി.ടി.എ., എസ്.എം.സി. കമ്മിറ്റികളെയും സഹപ്രവർത്തകരെയും കോർത്തിണക്കി അക്കാദമിക നിലവാരം ഉയർത്താൻ നടത്തിയ പരിശ്രമം ഫലം കണ്ടു. ഇതോടെ വിദ്യാർഥികളുടെ എണ്ണം 582ൽനിന്ന് 856ലെത്തി. 274 കുട്ടികൾ കൂടിയപ്പോൾ ഭൗതിക സാഹചര്യക്കുറവ് തലവേദനയായി.
തഒൻപത് ക്ലാസുകൾ ചെമ്മനാട് ജമാ അത്ത് മദ്രസയിലേക്കും പ്രീപ്രൈമറിയുടെ നാല് ക്ലാസുകൾ പുതിയ പള്ളി മദ്രസയിലേക്കും മാറ്റി. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. ചെമ്മനാട് പഞ്ചായത്ത്, സർവശിക്ഷാ അഭിയാൻ, അധ്യാപക രക്ഷാകർതൃസമിതി എന്നിവയുടെ സഹായത്തോടെ വിദ്യാലയത്തിലെ എല്ലാ കെട്ടിടങ്ങളും മൂന്നുനിലകളായി ഉയർത്തി. ക്ലാസുകളെല്ലാം സ്വന്തം കെട്ടിടത്തിലാക്കി. ഇപ്പോൾ 690 കുട്ടികളും 21 ഡിവിഷനും 25 സ്ഥിരം അധ്യാപകരും ഈ ഹരിതവിദ്യാലയത്തിലുണ്ട്. ചെമ്മനാട് വെസ്റ്റ് യു.പി. സ്കൂൾ ലാൻഡ് പർച്ചേസ് കമ്മിറ്റിയും മുൻ മന്ത്രി സി.ടി.അഹമ്മദലി അധ്യക്ഷനായ ചെമ്മനാട് ജമാഅത്ത് കമ്മിറ്റിയും ചെമ്മനാട് പഞ്ചായത്തും ചേർന്ന് 25 ലക്ഷം രൂപയ്ക്ക് വിദ്യാലയത്തിനരികെ അടുത്തിടെ 10 സെന്റ് ഭൂമി വാങ്ങി. 1.38 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടി പൂർത്തിയായിവരികയാണ്.


