പിക്ക് അപ് ലോറിയിലെത്തിയ ഒരു സംഘമാണ് സംഭവത്തിനുപിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നു. ഒരു സംഘം തന്നെയാണ് എല്ലായിടത്തും അക്രമം നടത്തിയതെന്നാണ് കരുതുന്നത്
ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ വിവിധഭാഗങ്ങളിൽ നിർത്തിയിട്ടുന്ന വാഹനങ്ങൾ സാമൂഹ്യ വിരുദ്ധർ തകർത്തു. കാറുകളും, ഓട്ടോറിക്ഷകളും, പിക്കപ്പ് വാനുകളും ഉൾപ്പടെ ഇരുപതോളം വാഹനങ്ങൾ അക്രമിക്കപ്പെട്ടു. അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഇന്ന് പുലർച്ചെ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് ഒരു സംഘം ആളുകൾ തകർത്തത്.
നോർത്ത്, സൗത്ത് പൊലീസ് സ്റ്റേഷൻ പരിധികളിലുള്ള ആറാട്ടുവഴി, മാളികമുക്ക്, കറുത്തകാളിപ്പാലം, വട്ടയാൽ തുടങ്ങിയ സ്ഥലങ്ങളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കു നേരെയാണ് അക്രമം ഉണ്ടായത്. വാഹനങ്ങളുടെ ചില്ലുകൾ വ്യാപകമായി തകർത്തതിനൊപ്പം സെൻസർ വയറുകൾ മുറിച്ചുകളഞ്ഞിട്ടുണ്ട്. പിക്ക് അപ് ലോറിയിലെത്തിയ ഒരു സംഘമാണ് സംഭവത്തിനുപിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നു.
ഒരു സംഘം തന്നെയാണ് എല്ലായിടത്തും അക്രമം നടത്തിയതെന്നാണ് കരുതുന്നത്. കല്ലുകളും, ഇരുമ്പുവടികളും ഉപയോഗിച്ചാണ് അക്രമം നടത്തിയിരിക്കുന്നത്. മിക്ക കാറുകളുടെയും മുൻവശത്തെയും പുറകുവശത്തെയും ചില്ലുകൾ ഉടഞ്ഞിട്ടുണ്ട്. അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. അതിക്രമമെന്നേ സംഭവത്തെ വിശേഷിപ്പിക്കാൻ സാധിക്കൂ. സംഭവത്തിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടെന്ന് കരുതുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി കെ എം ടോമി പറഞ്ഞു.
