കോട്ടൂര്‍, കായണ്ണ, നൊച്ചിയാട് പഞ്ചായത്തുകളിലെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ആയിരകണക്കിനാളുകള്‍ ചെങ്ങോട് മലയ്ക്ക് ചുറ്റുമായുള്ള പത്തുകിലോമീറ്റര്‍ റോഡുകളില്‍ ചങ്ങല തീര്‍ത്തു. മുഴുവന്‍ രാഷ്ട്രീയ പാ‌ർട്ടികളുടെയും പിന്തുണയോടെയാണ് സമരം.

കോഴിക്കോട്: ചെങ്ങോട്ടുമലയില്‍ ഗ്രാനൈറ്റ് ക്വാറിക്കുള്ള സ്വകാര്യ കമ്പനിയുടെ അപേക്ഷയില്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതോടെ പ്രതിക്ഷേധവുമായി നാട്ടുകാർ. ചെങ്ങോട്ടുമലക്ക് ചുറ്റും മനുഷ്യചങ്ങല തീർത്താണ് പ്രതിക്ഷേധം. ഖനനം പരിസ്ഥിതി പ്രശ്നമുണ്ടാക്കുമെന്നതിനാല്‍ അപേക്ഷ തള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബാലുശേരി ചെങ്ങോട് മലയില്‍ ഗ്രാനൈറ്റ് ക്വാറി തുടങ്ങാന്‍ പഞ്ചായത്തിന് അപേക്ഷ ലഭിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ് നാട്ടുകാരുടെ പ്രതിക്ഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ചെങ്ങോട്ടുമലയിലെത്തി നടത്തിയ പഠനത്തില്‍ ഖനനം പരിസ്ഥിതി പ്രശ്നമുണ്ടാക്കുമെന്ന് കണ്ടെത്തിയിരുന്നു. കൂടുതല്‍ പഠനം നടത്തണമെന്ന കോട്ടൂര്‍ പഞ്ചായത്തിന്‍റെ അപേക്ഷയില്‍ സംസ്ഥാന പരിസ്ഥിതി അനുമതി സമിതി വിദഗ്ധസംഘത്തെ നിയോഗിച്ചു. 

മലയുടെ നിലവിലെ ഘടനയെ ഖനനം ബാധിക്കുമെന്നായിരുന്നു ഇവരുയെടും കണ്ടെത്തല്‍. എന്നാല്‍ ഈ റിപ്പോ‌‌ർട്ടുകളൊന്നും പരിഗണിക്കാതെ സംസ്ഥാനസര്‍ക്കാര്‍ ഖനനാനുമതി നല്‍കാന്‍ നടപടി തുടങ്ങിയതോടെയാണ് നാട്ടുകാര്‍ സമരം ആരംഭിച്ചത്. കോട്ടൂര്‍, കായണ്ണ, നൊച്ചിയാട് പഞ്ചായത്തുകളിലെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ആയിരകണക്കിനാളുകള്‍ ചെങ്ങോട് മലയ്ക്ക് ചുറ്റുമായുള്ള പത്തുകിലോമീറ്റര്‍ റോഡുകളില്‍ ചങ്ങല തീര്‍ത്തു. മുഴുവന്‍ രാഷ്ട്രീയ പാ‌ർട്ടികളുടെയും പിന്തുണയോടെയാണ് സമരം.

പത്തനംതിട്ട കേന്ദ്രീകരിച്ചു പ്രവര‍്ത്തിക്കുന്ന ഡൈല‍്റ്റാ ഗ്രൂപ്പാണ് 135 ഏക്കറില്‍ ഖനനത്തിനായി അപേക്ഷ നല്‍കിയത്. ഇവരുടെ അപേക്ഷ നേരത്തെ ജില്ലാ വ്യവസായ ഏകജാലക ബോ‌‌ർഡ് തള്ളിയിരുന്നു.