പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ അയല്‍ക്കൂട്ടങ്ങള്‍ ഇനി മുതല്‍ ഡിജിറ്റല്‍. പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന 284 അയല്‍ക്കൂട്ടങ്ങള്‍ ഡിജിറ്റല്‍ അയല്‍ക്കൂട്ടങ്ങളായി. അയല്‍ക്കൂട്ടങ്ങളുടെ ഇത് വരെയുള്ള മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ട്രാന്‍സാക്ഷന്‍ ബേസ് എസ് എച്ച് ജി ഡിജിറ്റല്‍ അക്കൗണ്ടിംഗ് സിസ്റ്റം വഴി പ്രത്യേക സോഫ്റ്റ് വെയറില്‍ രേഖപെടുത്തിയതോടെയാണ് ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായത്. 

കോഴിക്കോട്: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ അയല്‍ക്കൂട്ടങ്ങള്‍ ഇനി മുതല്‍ ഡിജിറ്റല്‍. പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന 284 അയല്‍ക്കൂട്ടങ്ങള്‍ ഡിജിറ്റല്‍ അയല്‍ക്കൂട്ടങ്ങളായി. അയല്‍ക്കൂട്ടങ്ങളുടെ ഇത് വരെയുള്ള മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ട്രാന്‍സാക്ഷന്‍ ബേസ് എസ് എച്ച് ജി ഡിജിറ്റല്‍ അക്കൗണ്ടിംഗ് സിസ്റ്റം വഴി പ്രത്യേക സോഫ്റ്റ് വെയറില്‍ രേഖപെടുത്തിയതോടെയാണ് ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായത്. ഈ നേട്ടം കൈവരിക്കുന്ന ജില്ലയിലെ ആദ്യ സിഡിഎസും പുതുപ്പാടിയാണ്.

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (എന്‍ആര്‍എല്‍എം) പദ്ധതിയുടെ ഭാഗമായാണ് അയല്‍ക്കൂട്ടങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ മുഴുവന്‍ അയല്‍ക്കൂട്ടത്തിലെയും അംഗങ്ങളുടെ വിവരങ്ങളും അയല്‍ക്കൂട്ടത്തിന്‍റെ അടിസ്ഥാന വിവരങ്ങളും രണ്ടാം ഘട്ടത്തില്‍ സാമ്പത്തിക ഇടപാടുകളുമാണ് ഡിജിറ്റലൈസ് ചെയ്തത്. 

ഇനി മുതല്‍ ഓരോ മാസവും അയല്‍ക്കൂട്ടങ്ങള്‍ ചെയ്യുന്ന മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ഡിജിറ്റലായി രേഖപ്പെടുത്തും. ഒരു അയല്‍ക്കൂട്ടത്തിന്‍റെ അംഗങ്ങളുടെ സമ്പാദ്യം, അയല്‍ക്കൂട്ടത്തിന് ലഭിച്ച ഫണ്ടുകള്‍, അംഗങ്ങളുടെ ആന്തരിക വായ്പാ തുക, ബാലന്‍സ് തുക, മാസവരി, ലിങ്കേജ് വായ്പ അതിന്‍റെ തിരിച്ചടവ്, അംഗങ്ങളുടെ യോഗത്തിലെ ഹാജര്‍ നില, ഓരോ അംഗവും മാസത്തില്‍ അടച്ച സമ്പാദ്യം, തിരിച്ചടവ് തുക, ബാങ്ക് നിക്ഷേപം, ബാങ്കിടപാടുകള്‍, മറ്റ് ചിലവുകള്‍, വരവുകള്‍, ഓരോ മാസവും ആരെങ്കിലും പുതുതായി അംഗത്വം എടുത്തതും, ഏതെങ്കിലും അംഗം പിരിഞ്ഞു പോയിട്ടുണ്ടെങ്കില്‍ അതും, അങ്ങനെ മുഴുവന്‍ കാര്യങ്ങളും ഡിജിറ്റലായി രേഖപ്പെടുത്തും.

കുടുംബശ്രീ മിഷനില്‍ നിന്നും പ്രത്യേക പരിശീലനം ലഭിച്ച സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷീബ സജി, ഉപസമിതി അംഗം ലീന സെബാസ്റ്റ്യന്‍ എന്നിവരാണ് ഈ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത്. ഇതിന് ആവശ്യമായ ലാപ്ടോപും നെറ്റ്സെറ്ററും കുടുംബശ്രീ മിഷന്‍ സിഡിഎസിന് അനുവദിച്ചിട്ടുണ്ട്.