അയ്യന്തോള്‍: കൊവിഡ് കാരണം ഇത്തവണ ഓണത്തിന് തൃശ്ശൂരിൽ പുലി ഇറങ്ങില്ല. പകരം പുലികൾ മടവിട്ടിറങ്ങുന്നത് ബോട്ട് ഇറക്കാനാണ്. അയ്യന്തോൾ ദേശം പുലി കളി സംഘമാണ് പ്രളയത്തെ പ്രതിരോധിക്കാൻ ഡ്രം ബോട്ടുകൾ നിര്‍മ്മിക്കുന്നത്. ഓഗസ്റ്റ് ആദ്യം കണ്ട മഴയാണ് ഈ പുലികളെ രക്ഷക വേഷം കെട്ടിച്ചത്.

മഴ തുടങ്ങിയപ്പോൾത്തന്നെ ബോട്ടും നിര്‍മ്മിച്ചു തുടങ്ങി. മഴ കുറഞ്ഞെങ്കിലും നിര്‍മ്മാണം തുടരുകയാണ് സംഘം. മുൻ വർഷങ്ങളിൽ വീടുകളിൽ വെള്ളം കയറിയപ്പോൾ ചെമ്പിൽ ഇരുത്തിയാണ് പ്രദേശവാസികളെ രക്ഷിച്ചത്. ആവശ്യമുള്ളിടത്തെല്ലാം സേവനമെത്തിക്കാനാണ് സ്വന്തമായി ബോട്ട് നിര്‍മ്മിക്കുന്നത്.

നാല് പേര്‍ക്ക് ഇരിക്കാവുന്നതാണ് ഒരു ബോട്ട്. ഇത്തരത്തിലെ ഒരു ബോട്ട് നിര്‍മ്മിക്കാൻ മൂന്നിലേറെ ഡ്രമ്മുകൾ വേണം. ബോട്ട് നിര്‍മ്മാണത്തിനൊപ്പം യുവാക്കൾക്കായി പിഎസ്സി കോച്ചിംഗ്, കൃഷി, തുടങ്ങി നിരവധി മേഖലകളിൽ സജീവമാണ് നാട്ടിലെ പുലികൾ.