അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തിന്റെ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷം. നിരവധി വീടുകളിൽ വെള്ളം കയറി. വീടുകൾ തകർച്ചാ ഭീഷണിയിൽ. ഇന്ന് രാവിലെ മുതലാരംഭിച്ച കടലാക്രമണം ഉച്ചയോടെ ശക്തമാകുകയായിരുന്നു. പുറക്കാട് പഞ്ചായത്ത് 15, 17 വാർഡുകളായ ആനന്ദേശ്വരം, ഒറ്റപ്പന, പുത്തൻ നട, പുറക്കാട് എന്നിവിടങ്ങളിലാണ് കടലാക്രമണം ശക്തമായത്. ഈ പ്രദേശങ്ങളിൽ തകർന്നു കിടക്കുന്ന കടൽഭിത്തിയിലൂടെ തിരമാല ആഞ്ഞടിച്ച് വീടുകളിലാകെ വെള്ളം കെട്ടിക്കിടക്കുകയാണ്. 

വർഷങ്ങൾക്ക് മുൻപ് നിർമിച്ച കടൽഭിത്തിക്ക് യാതൊരു അറ്റകുറ്റപ്പണിയും ഇതുവരെ നടത്താത്തതാണ് കടലാക്രമണം രൂക്ഷമാകുമ്പോൾ തീരം കടലെടുക്കാൻ കാരണമാകുന്നത്. ഏതാനും വർഷം മുൻപ് നിർമിച്ച പുലിമുട്ടും തകർന്നു കിടക്കുകയാണ്. നിലവിലുള്ള കടൽഭിത്തിയാകെ കടലിനടിയിലായിരിക്കുകയാണ്. പ്രഖ്യാപനങ്ങളല്ലാതെ ഒരു നിർമാണ പ്രവർത്തനവും തീര സംരക്ഷണത്തിനായി ഇതുവരെ നടന്നിട്ടില്ല. 

പുതിയ കടൽഭിത്തി നിർമാണത്തിനായുളള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ കടൽഭിത്തി നിർമാണവും ആരംഭിച്ചിട്ടില്ല. ഒറ്റപ്പന, പുത്തൻ നട ഭാഗങ്ങളിൽ കടലാക്രമണം മൂലം ദേശീയ പാതയും തകരുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.