സാദിഖ് കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു പ്രവചനം കേരളമാകെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഖത്തറില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ അര്‍ജന്‍റീന സൗദിയോട് തോല്‍ക്കുമെന്നാണ് സാദിഖ് പ്രവചിച്ചത്.

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലായി ഒരു പ്രവചനം. സാദിഖ് മുഹമ്മദ് എന്ന യുവാവിന്‍റെ പ്രവചനം നിരവധി പേര്‍ പങ്കുവയ്ക്കുന്നുണ്ട്. പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസ് ജയിക്കുമെന്നും മൂവായിരത്തിലേറെ ഭൂരുപക്ഷം കിട്ടുമെന്നുമാണ് സാദിഖ് പ്രവചിച്ചിട്ടുള്ളത്. പ്രൊഫൈല്‍ നോക്കുമ്പോള്‍ ഇടതുപക്ഷ അനുകൂലിയായ വ്യക്തിയാണെങ്കിലും സാദിഖിന്‍റെ ഈ പ്രവചനം മറ്റൊരു തരത്തിലാണ് വൈറല്‍ ആയിരിക്കുന്നത്.

സാദിഖ് കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു പ്രവചനം കേരളമാകെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഖത്തറില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ അര്‍ജന്‍റീന സൗദിയോട് തോല്‍ക്കുമെന്നാണ് സാദിഖ് പ്രവചിച്ചത്. ലോകകപ്പില്‍ ഫേവറിറ്റുകളായി വന്ന അര്‍ജന്‍റീന സൗദിയോട് തോറ്റത് ലോകം ഞെട്ടലോടെയാണ് കണ്ടു നിന്നത്. സ്കോര്‍ നില ഉള്‍പ്പെടെ സാദിഖിന്‍റെ പ്രവചനം ശരിയാവുകയും ചെയ്തു. സാദിഖിന്‍റെ ഈ രണ്ടു പ്രവചനങ്ങളുടെയും സ്ക്രീൻ ഷോട്ടുകളാണ് ഇപ്പോള്‍ വൈറല്‍ ആയിട്ടുള്ളത്.

ഉമ്മൻചാണ്ടിക്ക് ശേഷം നിയമസഭയിൽ പുതുപ്പള്ളിയുടെ സാരഥി ആരാകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ തന്നെ ട്രെൻഡ് വ്യക്തമാകും. പുതുപ്പള്ളി ജനത തങ്ങളുടെ നിയമസഭാ പ്രതിനിധിയായി ആരെയാണ് തിരഞ്ഞെടുത്തത് എന്നറിയാൻ ഇനി നിമിഷങ്ങളെണ്ണി കാത്തിരിക്കാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണിത്തുടങ്ങി രണ്ട് മണിക്കൂറിനകം ഫലമറിയാനാകുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ.

എക്സിറ്റ് പോളുകളടക്കം പുറത്ത് വന്നതോടെ വൻ വിജയ പ്രതീക്ഷയിലാണ് യു ഡി എഫ്. മുമ്പെങ്ങുമില്ലാത്ത ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന കണക്കുകൂട്ടലുണ്ട് മുന്നണിക്ക്. എന്നാൽ ചിട്ടയായ സംഘടനാ സംവിധാനത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലാണ് ഇടത് പ്രതീക്ഷ. പുതുപ്പള്ളി ഇത്തവണ മാറി ചിന്തിക്കുമെന്ന് ഇടത് ക്യാമ്പ് കണക്കുകൂട്ടുന്നു. അതേസമയം പുതുപ്പള്ളിയില്‍ ഇക്കുറി നല്ല മത്സരം കാഴ്ചവച്ചെന്നാണ് ബിജെപി അവകാശവാദം. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ 11,694 വോട്ടാണ് ബിജെപിക്ക് ലഭിച്ചിരുന്നത്.

'കുളിമുറിയിൽ പ്രസവിച്ച് കിടക്കുകയാണ്, ആരുമില്ല, ഓടി വാ'; ഒരു നാട് ഒന്നിച്ചു, ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ കുറിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം