ഓഫിസിലെത്തിയ ജീവനക്കാരനാണ് ശുചിമുറിക്കകത്ത് ഓടിട്ട മേൽക്കൂരയിൽ പാമ്പിനെ കണ്ടത്. 

മലപ്പുറം: കലക്ടറേറ്റിലെ ജില്ലാ സാമൂഹിക നീതി ഓഫിസിനകത്തെ ശുചിമുറിയിൽ പെരുമ്പാമ്പിന്‍റെ കുഞ്ഞിനെ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഓഫിസിലെത്തിയ ജീവനക്കാരനാണ് ശുചിമുറിക്കകത്ത് ഓടിട്ട മേൽക്കൂരയിൽ പാമ്പിനെ കണ്ടത്. ഇതോടെ വനം വകുപ്പ് സ്‌നേക്ക് റെസ്‌ക്യുവറെ വിവരം അറിയിച്ചു.

എന്നാൽ സ്‌നേക്ക് റെസ്‌ക്യൂവർ എത്താൻ വൈകിയതോടെ ഓഫിസിലെ ക്ലർക്ക് കെ സി അബുബക്കർ പെരുമ്പാമ്പിൻ കുഞ്ഞിനെ പിടികൂടി കുപ്പിയിലാക്കി. പിന്നീടെത്തിയ വനം വകുപ്പ് സ്‌നേക്ക് റെസ്‌ക്യൂവർക്ക് പാമ്പിൻകുഞ്ഞിനെ കൈമാറി.

പഴയ ഓടിട്ട കെട്ടിടത്തിൽ പ്രവൃത്തിക്കുന്ന ഓഫീസിന് ചുറ്റും അടിക്കാട് വളർന്നിട്ടുണ്ട്. ഓഫിസിനോട് ചേർന്ന് മരങ്ങളുമുണ്ട്. നേരത്തെ വേനൽ കാലത്ത് ഓഫിസിൽ പുഴു ശല്യമുണ്ടായിരുന്നു. ഫയലുകളിലടക്കം പുഴുക്കൾ നിറഞ്ഞിരുന്നു. 2025 മാർച്ചിൽ ഓഫിസ് പരിസരത്തു നിന്ന് ആളുകൾക്ക് തെരുവുനായുടെ കടിയുമേറ്റിരുന്നു.