കൂട്ടില്‍ നിന്ന് പോകുന്ന താറാവുകളുടെ അവശിഷ്ടം പരിസരത്ത് കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാർക്ക് കള്ളനെ കുറിച്ച് സംശയം ഉണ്ടായിരുന്നു...

ആലപ്പുഴ: താറാവ് മോഷ്ടാവിനെ പിടികൂടി കാട്ടിലേക്ക് നാടുകടത്തി. കൂട്ടിലടയ്ക്കുന്ന താറാവിനെ നിരന്തരം മോഷ്ടിക്കുന്ന പെരുംപാമ്പിനെ പിടികൂടികൂടിയാണ് കാട്ടിലേക്ക് നാടുകടത്തിയത്. തലവടി ചെമ്മുംതറ കണ്ണന്റെ വീട്ടില്‍ വളര്‍ത്തുന്ന താറാവുകളാണ് നിരന്തരം മോഷണം പോയത്. കൂട്ടില്‍ നിന്ന് പോകുന്ന താറാവുകളുടെ അവശിഷ്ടം പരിസരത്ത് കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാർക്ക് കള്ളനെ കുറിച്ച് സംശയം ഉണ്ടായിരുന്നു.

ഇന്നലെ രാവിലെ കൂട്ടിലടച്ച താറാവുകള്‍ കൂട്ടത്തോടെ കരയുന്ന ശബ്ദം കേട്ട് ഓടിയെത്തിയ കണ്ണനാണ് പെരുംപാമ്പിനെ കണ്ടത്. കണ്ണന്‍ പാമ്പ് പിടുത്തക്കാരനായ ചക്കുളം പ്രജീഷിനെ വിവരം അറിയിച്ചു. പ്രജീഷ് എത്തി പെരുംപാമ്പിനെ സാഹസികമായി ചാക്കിലാക്കി. ചാക്കിലാക്കിയ പെരുംപാമ്പിനെ റാന്നി ഫോറസ്റ്റ് ഓഫീസിന് കൈമാറി.