ശവശരീരം വയനാട് പൂക്കോട്ടെ വെറ്ററിനറി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപ്പറമ്പ് ഭാഗത്ത് കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തിയ തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇതേ നായ കഴിഞ്ഞ വെള്ളിയാഴ്ച ഒരു കുട്ടിയെയും നിരവധി വളര്‍ത്തുമൃഗങ്ങളെയും കടിച്ചിരുന്നു.

പ്രദേശത്താകെ പരാക്രമം നടത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് നായയെ പിടികൂടാന്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ശവശരീരം വയനാട് പൂക്കോട്ടെ വെറ്ററിനറി മെഡിക്കല്‍ കോളേജില്‍ സ്രവ പരിശോധനക്കായി എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനക്കൊടുവിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

പരിശോധനാ ഫലും പുറത്തുവന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ഈ നായയുടെ കടിയേറ്റ വളര്‍ത്തുമൃഗങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയെക്കൂടാതെ മറ്റാര്‍ക്കെങ്കിലും ഈ നായയില്‍ നിന്നും അക്രമം ഏറ്റിട്ടുണ്ടെങ്കില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...