നായയുടെ കടിയേറ്റ നാല് വയസ്സുകാരി ഉള്‍പ്പെടെ 19 പേരെയും ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു.

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ ദിവസം 19 പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ ആര്‍ഡിഡിഎല്ലില്‍ നായയുടെ ജഡം എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഫലം പോസീറ്റീവായത്. കോര്‍പറേഷന് കീഴിലുള്ള ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സെന്ററില്‍ നിന്നും ജീവനക്കാരെത്തി പിടികൂടിയ നായ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്.

ആതേസമയം നായയുടെ കടിയേറ്റ നാല് വയസ്സുകാരി ഉള്‍പ്പെടെ 19 പേരെയും ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു. ഈ നായയുടെ കടിയേറ്റതെന്ന് സംശയിക്കുന്ന 20ഓളം നായകളെ അശോകപുരം ഭാഗത്ത് നിന്ന് പിടികൂടി ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സെന്ററില്‍ എത്തിച്ചിട്ടുണ്ട്. ഇവയെ നിരീക്ഷണത്തില്‍ വച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എബിസി അധികൃതര്‍ അറിയിച്ചു. നായ കൂടുതൽ പേരെ കടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.

കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് നടക്കാവിലാണ് തെരുവുനായ ആക്രമണമുണ്ടായത്. കടിയേറ്റ എല്ലാവർക്കും പേവിഷ പ്രതിരോധ വാക്സിൻ നൽകിയിരുന്നു. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്ന് കോഴിക്കോട് കോർപറേഷൻ അറിയിച്ചു. ചൊവ്വാഴ്ച പകൽ നഗരത്തിലെ ക്രിസ്ത്യൻ കോളേജ് പരിസരം, ഈസ്റ്റ് നടക്കാവ്, കെഎസ്ആർടിസി ബസ് -സ്റ്റാൻഡ്, അത്തോളി എന്നിവിടങ്ങളിലാണ് വിദ്യാർഥികളെയടക്കം തെരുവുനായ്‌ക്കൾ ആക്രമിച്ചത്.