ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ ഭീതി പരത്തി പേവിഷബാധ. ഇന്നലെ 36 പേരെ കടിച്ച തെരുവ് നായകളില്‍ ഒന്നിന് പേവിഷബാധയുണ്ടായിരുന്നതായി പരിശോധനയിൽ തെളിഞ്ഞു. പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർ.

ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവർക്ക് പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് നൽകിയിരുന്നു. എന്നാൽ, കൂടുതൽ പ്രതിരോധത്തിനായി നായയുടെ കടിയേറ്റവർക്ക് വണ്ടാനം മെഡിക്കൽ കോളേജിലെത്തി ഇമ്മ്യുണോ ഗ്ലോബിൻ കുത്തിവെയ്പ്പ് കൂടി എടുക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വളർത്തുമൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടോ എന്ന് നിരീക്ഷിക്കാനും ജില്ലാ കലക്ടർ നിർദേശം നല്‍കി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടർ കൂട്ടിച്ചേര്‍ത്തു

കോടതി ജംഗ്ഷൻ, കെഎസ്ആർടിസി സ്റ്റാൻഡ്,  കല്ലുപാലം തുടങ്ങി അഞ്ചിടങ്ങളിലാണ് തെരുവ് നായകൾ ആളുകളെ കടിച്ചുകീറിയത്. തിരക്കേറിയ വൈകുന്നേരം കൂടിയായതിനാൽ നിരവധി പേർക്ക് നായ്ക്കളുടെ കടിയേറ്റു. എട്ട് വയസുകാരി അടക്കം 36 പേരാണ് ഇന്നലെ ചികിത്സ തേടിയത്.