കല്‍പ്പറ്റ: ശരീരം പൊതിയുന്ന തണുപ്പില്‍ അപകടഭീതിയില്ലാതെ മുളംചങ്ങാടത്തിലുള്ള ഒരു സഞ്ചാരം. വയനാട്ടില്‍ കുറവാദ്വീപില്‍  ചങ്ങാടയാത്രക്ക് നാള്‍ക്കുനാള്‍ തിരക്കേറുകയാണ്. നിബിഡവനത്തിന്‍റെ സൗന്ദര്യം നുകരുന്നതിനോടൊപ്പം സാഹസിക വിനോദം കൂടിയാണ് സഞ്ചാരികള്‍ക്ക് മുളംചങ്ങാട യാത്ര സമ്മാനിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കുറുവാദ്വീപില്‍ പ്രവേശിക്കാനുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വനംവകുപ്പ് നിയന്ത്രണം വെച്ചിരുന്നു.

തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശികളുമടക്കം നിരവധിപേര്‍ ദ്വീപിന്‍റെ പ്രവേശന കവാടം വരെ വന്ന് നിരാശരായി മടങ്ങേണ്ടി വന്നത് കണ്ടപ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ ആശയം വന്‍വിജയമായ സന്തോഷത്തിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അധികൃതര്‍. കുറഞ്ഞ ചിലവില്‍ ഒരുക്കിയെടുത്ത മുളം ചങ്ങാടത്തില്‍ കബനിയുടെ ഓളപ്പരപ്പില്‍ സഞ്ചരിച്ച് ദ്വീപ് ചുറ്റിക്കാണുന്നതാണ് പദ്ധതി. നിലവില്‍ മാസങ്ങളായി ദ്വീപിലേക്ക് പ്രവേശനം തടഞ്ഞിരിക്കുകയാണ് വനംവകുപ്പ്. എങ്കിലും സാഹസിക വിനോദത്തിന്‍റെ കൂടി അനുഭവം നല്‍കുന്ന ചങ്ങാടയാത്രക്ക് നൂറുകണക്കിന് സഞ്ചാരികളാണ് ദിവസവും എത്തുന്നത്. 

അഞ്ച് മുളം ചങ്ങാടമാണ് ഒരുക്കിയിട്ടുള്ളത്. ഒരേ സമയം അഞ്ച് പേര്‍ക്ക് കയറാവുന്ന ചങ്ങാടത്തിന് പതിനഞ്ച് മിനിറ്റ് യാത്രക്ക് മുന്നൂറ് രൂപയാണ് ഈടാക്കുന്നത്. മൂന്ന് പേര്‍ക്ക് സഞ്ചരിക്കുന്ന റാഫ്ടിന് 150 രൂപ നല്‍കണം. നാല്‍പ്പത് മിനിറ്റ് നേരം പുഴയിലൂടെ സ്വന്തമായി തുഴഞ്ഞു പോകാവുന്ന അഞ്ച്‌പേര്‍ക്ക് കയറാവുന്ന മുളം ചങ്ങാടത്തിന് 1000 രൂപയാണ് ഈടാക്കുന്നത്. സാഹസിക വിനോദ സഞ്ചാരത്തിലൂന്നിയ റാഫ്ടിങ് ഇവിടെ പരീക്ഷിച്ചതുമുതല്‍ ഈ മേഖലയില്‍ താല്‍പ്പര്യമുള്ള സഞ്ചാരികളെയാണ് ഡി.ടി.പി.സി ലക്ഷ്യമിടുന്നത്. കുറുവാ ദ്വീപിനുള്ളിലേക്ക് സഞ്ചാരികളുടെ വഴി അടഞ്ഞതോടെ ഉടലെടുത്ത വരുമാനക്കുറവ് നികത്താന്‍ അധികൃതര്‍ കണ്ടെത്തിയ വിദ്യ ലക്ഷ്യം കാണുന്നതായാണ് സഞ്ചാരികളുടെ തിരക്ക് വ്യക്തമാക്കുന്നത്.

വയനാട്ടിലേക്ക് വിനോദ യാത്ര തീരുമാനിച്ചാല്‍ ഒരു കാലത്ത് ഒഴിച്ചുകൂടാന്‍ കഴിയാത്ത വിനോദ കേന്ദ്രമായിരുന്നു കുറുവാ ദ്വീപ്. വര്‍ഷങ്ങളോളം വനംവകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കൈകോര്‍ത്ത് വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കി. പിന്നീട് ചില തര്‍ക്കങ്ങള്‍ കുറവാ ദ്വീപിലെ ടൂറിസം നടത്തിപ്പിന് തിരിച്ചടിയായി. ഇതൊന്നുമറിയാതെ ദിവസവും വിനോദ സഞ്ചാരികള്‍ ഇവിടെ എത്തി മടങ്ങി. 

നിയന്ത്രണങ്ങളില്ലാതെ ദ്വീപിനുള്ളില്‍ പ്രവേശിക്കാമായിരുന്ന സമയത്ത് പ്രതിവര്‍ഷം 75 ലക്ഷത്തിന് പുറത്ത് സഞ്ചാരികള്‍ ഇവിടെ എത്തിയിരുന്നുവെന്നാണ് ഏകദേശ കണക്ക്. കുറുവയില്‍ തിരക്കേറിയതോടെ പ്രദേശവാസികള്‍ക്കും വരുമാന മാര്‍ഗം കണ്ടെത്താനായി. നാടന്‍ ഭക്ഷണം നല്‍കുന്ന ചെറുകിട സംരംഭങ്ങള്‍ മുതല്‍ നിരവധി ഹോംസ്റ്റേകളും തദ്ദേശിയര്‍ നടത്തിയിരുന്നു. വന ഉത്പന്നങ്ങളുടെ വിപണിയും പച്ചപിടിച്ചു. പാല്‍വെളിച്ചം, ചേകാടി ഗ്രാമങ്ങളുടെ മുഖച്ഛായ തന്നെ മാറി. 

നിരവധി ആദിവാസി യുവതി-യുവാക്കള്‍ക്കും കുറുവ ദ്വീപിലെ വിനോദ സഞ്ചാരം വരുമാനമാര്‍ഗമായി. സാധാരണ നിലയിലായിരുന്നെങ്കില്‍ മഴക്കാലം കഴിയുന്നതോടെ ദ്വീപിനുള്ളിലേക്കെത്തുന്ന  സഞ്ചാരികളുടെ തിരക്കേറുന്ന സമയമാണിത്. എന്നാല്‍ ദ്വീപ് തുറക്കാത്തത് നിരാശ പകരുന്നുവെന്ന് പ്രദേശവാസികളില്‍ ചിലര്‍ പറഞ്ഞു. സമൃദ്ധമായ കാടിനെ തൊട്ടുരുമി ഒഴുകുന്ന കബനിയിലൂടെയുള്ള യാത്ര പുതിയ അനുഭവമായെന്ന് ചില സഞ്ചാരികള്‍ സൂചിപ്പിച്ചു. എല്ലാ ദിവസവും രാലിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയാണ് റാഫ്ടിങ് അനുവദിക്കുന്നത്. സഞ്ചാരികള്‍ കൂടുന്നതോടെ ചങ്ങാടങ്ങളുടെ  എണ്ണം കൂട്ടാനും പദ്ധതിയുള്ളതായി അധികൃതര്‍ പറഞ്ഞു.