മനസ്സില്‍ പതിയുന്നയെന്തും കാന്‍വാസില്‍ ജീവന്‍ തുടിക്കുന്നവയാക്കും കുറ്റിച്ചലുകാരുടെ സ്വന്തം രഘു. രഘുവിന്റെ വിരലുകള്‍  തീർക്കുന്ന ജീവന്‍ തുടിക്കുന്ന വരകളും ശില്പങ്ങളും കുറ്റിച്ചലുകാരുടെ അഭിമാനമാണ്. കോട്ടൂര്‍ തങ്കയ്യന്‍-കമലമ്മ ദമ്പതികളുടെ നാലുമക്കളില്‍ മൂത്തയാളായ രഘു വരയെ മാത്രം സ്നേഹിച്ചു അതിനായി ജീവിതം ഉഴിഞ്ഞു വച്ച കലാകാരനാണ്. വരയിലൂടെയാണ് ഇദ്ദേഹം തന്റെ ഇരുണ്ട ഭൂതകാല ജീവിത അനുഭവങ്ങൾക്ക് നിറം പകർന്നത്. 

തിരുവനന്തപുരം: മനസ്സില്‍ പതിയുന്നയെന്തും കാന്‍വാസില്‍ ജീവന്‍ തുടിക്കുന്നവയാക്കും കുറ്റിച്ചലുകാരുടെ സ്വന്തം രഘു. രഘുവിന്റെ വിരലുകള്‍ തീർക്കുന്ന ജീവന്‍ തുടിക്കുന്ന വരകളും ശില്പങ്ങളും കുറ്റിച്ചലുകാരുടെ അഭിമാനമാണ്. കോട്ടൂര്‍ തങ്കയ്യന്‍-കമലമ്മ ദമ്പതികളുടെ നാലുമക്കളില്‍ മൂത്തയാളായ രഘു വരയെ മാത്രം സ്നേഹിച്ചു അതിനായി ജീവിതം ഉഴിഞ്ഞു വച്ച കലാകാരനാണ്. വരയിലൂടെയാണ് ഇദ്ദേഹം തന്റെ ഇരുണ്ട ഭൂതകാല ജീവിത അനുഭവങ്ങൾക്ക് നിറം പകർന്നത്. 

രാജ രവിവര്‍മ്മയുടെ ഉള്‍പ്പടെ മണ്‍മറഞ്ഞ നിരവധി ചിത്രകാരന്‍മാരുടെ ചിത്രങ്ങള്‍ രഘുവിന്റെ വരകളിലൂടെ വീണ്ടും പുനർജനിക്കുകയാണ്. വീടിന്റെ വാതിൽ കടന്ന് അകത്തു കയറുന്ന ആർക്കും മുറിയിലെ ഭിത്തിയിലും തറയിലുമായി ആയി സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങൾ അത്ഭുത കാഴ്ചയാണ്. തയ്യല്‍ കടയില്‍ നിന്നും കിട്ടുന്ന പാഴ് തുണി കൊണ്ട് കാന്‍വാസില്‍ അബ്ദുല്‍ കലാമിന്റെ ഉള്‍പ്പടെ നിരവധി രൂപങ്ങള്‍ ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. 

അലങ്കാരങ്ങള്‍ക്കായും വേണ്ടപ്പെട്ടവര്‍ക്ക് സമ്മാനം നല്‍കാനും ചിത്രങ്ങൾ ആവശ്യമുള്ളവർ രഘുവിന്റെ അടുത്തെത്തി പടങ്ങളുടെ മാതൃക കാണിക്കുക മാത്രമോ അല്ലെങ്കിൽ മനസ്സില്‍ ഉള്ള ആശയം പറയുകയോ ചെയ്യേണ്ടകാര്യമേയുള്ളൂ. അവരുടെ പ്രതീക്ഷകള്‍ക്ക് ഒരു പടി മേല്‍ തന്നെയാകും രഘുവിന്റെ സൃഷ്ടി. ഇതിനെല്ലാം കാരണമാകുന്നത് ഗുരുവായ രാഘവന്‍ സാറിന്റെ കനിവും ദൈവാനുഗ്രഹവുമാണെന്ന് രഘു പറയുന്നു. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വരകളെ സ്നേഹിച്ചു തുടങ്ങിയത്. കുട്ടികാലത്ത് കൂട്ടുകാർ കളിക്കാന്‍ പോകുമ്പോൾ ആ സമയം വരയ്ക്കാനും മണ്ണില്‍ രൂപങ്ങള്‍ നിര്‍മ്മിക്കാനുമാണ് മാറ്റിവെച്ചതെന്ന് രഘു പറഞ്ഞു. 

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ നിന്നും ചിത്ര രചന മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചത് ആണ് വഴിതിരിവാകുന്നത്. ഇവിടെ വച്ചാണ് പരുത്തിപള്ളി സ്കൂളിലെ പ്രധാന അധ്യാപകനായ രാഘവന്‍ സാറിനെ കാണുന്നത്. ചുറ്റുപാടുകള്‍ മനസിലാക്കിയ ഇദ്ദേഹം ഏഴാം ക്ലാസ് മുതല്‍ രഘുവിനെ വീട്ടില്‍ നിര്‍ത്തി പഠിപ്പികുകയും പിന്നീട് പത്താംതരം കഴിഞ്ഞ് ശൈലി പരസ്യ കമ്പനിയില്‍ എത്തിക്കുകയും ചെയ്തു. ഇത് രഘുവിന് കൂടുതല്‍ വരക്കാന്‍ കൂടുതല്‍ അവസരങ്ങളുണ്ടാക്കി. ജീവിത ചിലവുകള്‍ ഏറിയതോടെ ജീവിത മാര്‍ഗ്ഗം തേടി വിദേശത്ത് പോയെങ്കിലും അവിടെത്തെ കൈപ്പേറിയ അനുഭവങ്ങള്‍ വീണ്ടും നാട്ടിലെത്തിച്ചു. ഒപ്പം ഉണ്ടായിരുന്ന പലരും പലവഴിക്ക് തിരിയുകയും സുഹൃത്തുക്കളില്‍ ചിത്രകരന്മാരായിട്ടുള്ളവര്‍ ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടുമ്പോള്‍ ഈ കലാകാരനു ദുരിതങ്ങള്‍ കൂട്ടായിരുന്നു.

വരകള്‍ക്കൊപ്പം ശില്‍പ്പങ്ങള്‍ കൂടെ നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെ ജീവിതത്തില്‍ വഴിത്തിരിവായി. കള്ളികാട് നാരായണ ഗുരുദേവന്റെ ശില്‍പ്പവും ശിവാനന്ദ ആശ്രമത്തിലെ ശില്പങ്ങളും തുടങ്ങി നാട്ടിലും സംസ്ഥാനത്ത് വിവിധ ഇടങ്ങളിലും ഈ കലാകാരന്റെ സൃഷ്ടികളുണ്ട്. ഇപ്പോള്‍ ക്രിസ്തുമസ് ചരിത്രവുമായി ബന്ധപ്പെട്ട ശില്പങ്ങള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ് ഈ കലാകാരന്‍. കുറ്റിച്ചല്‍ പച്ചക്കാട് ടി ആര്‍ ഭവനില്‍ താമസിക്കുന്ന, ചിത്രങ്ങളെ പ്രണയിച്ച അന്‍പത്തി മൂന്നുകാരനായ രഘു തന്‍റെ പങ്കാളിയെ സ്വന്തമാക്കിയതും പ്രണയിച്ചാണ്. പത്തു കൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍ കുറ്റിച്ചല്‍ സ്വദേശിയായ ലത, രഘുവിന്‍റെ ജീവിതസഖിയായി. മൂത്ത മകള്‍ മീരയ്ക്ക് വരയ്ക്കാന്‍ കഴിവുണ്ടെങ്കിലും പാട്ടിനോടാണ്‌ ഏറെയിഷ്ട്ടം. ഇളയ മകൻ രാവന്‍ ദേവിന് പക്ഷെ അച്ഛനെ പോലെ വരകളോടു ആണ് ഇഷ്ടം.