Asianet News MalayalamAsianet News Malayalam

ആനുകൂല്യ വിതരണത്തില്‍ ക്രമക്കേട്, സാധനങ്ങള്‍ കാണാനില്ല; സംസ്ഥാനത്തെ 65 സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരേസമയം പരിശോധന

പലയിടങ്ങളിലും മുന്‍ഗണനാ പട്ടികകള്‍ മറികടന്നാണ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത്. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ  വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി വാങ്ങിയ 4 ലാപ്‍ടോപ്പുകള്‍ കാണാനില്ല. കൊല്ലം കോർപ്പറേഷനിൽ 34 കിടക്കകളെക്കുറിച്ച് വിവരമില്ല.

raid in 65 government offices in Kerala reveals anomalies in projects resource distribution under projects afe
Author
First Published Sep 21, 2023, 8:02 AM IST

തിരുവനന്തപുരം: ഓപ്പറേഷൻ പ്രൊട്ടക്റ്റർ എന്ന പേരില്‍ പട്ടികജാതി പദ്ധതികളുടെ കാര്യക്ഷമത ഉറപ്പ് വരുത്താൻവിജിലൻസ് നടത്തിയ സംസ്ഥാനതല മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി.
സംസ്ഥാന സർക്കാർ പട്ടികജാതി വിഭാഗക്കാർക്കായി നടപ്പിലാക്കുന്ന പദ്ധതികളായ വിദ്യാഭ്യാസ ധന സഹായം, വിവിധ ധന സഹായം, തൊഴിലിനും പരിശീലനത്തിനുമുള്ള വിവിധ പദ്ധതികൾ,ഭവന നിർമ്മാണ പദ്ധതികൾ,പഠന മുറികളുടെ നിർമ്മാണം തുടങ്ങിയവ അർഹരായ പട്ടികജാതിക്കാർക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ പ്രൊട്ടക്റ്റർ എന്ന പേരിൽ പരിശോധന നടത്തിയതെന്ന് വിജിലന്‍സ് അറിയിച്ചു. 

ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്ന 50 ബ്ലോക്ക് പഞ്ചായത്തുകളിലെയും,10 മുൻസിപ്പാലിറ്റികളിലെയും, 5 കോർപ്പറേഷനുകളിലെയും, പട്ടികജാതി വികസന ഓഫീസർമാരുടെയും, അനുബന്ധ സെക്ഷനുകളിലുംകഴിഞ്ഞ ദിവസം രാവിലെ മുതൽ ഒരേ സമയം വിജിലൻസ് സംസ്ഥാന വ്യാപക മിന്നൽ പരിശോധന നടത്തിയത്. പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള വിവിധ സർക്കാർ പദ്ധതികൾ അനുവദിക്കുന്നതിന് തയ്യാറാക്കുന്ന ഗുണഭോക്തൃ പട്ടികയിൽ അയോഗ്യരായവർ ഇടം പിടിക്കുന്നുണ്ടോയെന്നും, പട്ടികജാതി വികസന ഓഫീസർ മുഖേന ടെണ്ടർ ചെയ്യുന്ന വിവിധ പദ്ധതികളിൽ ഗുണനിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ടോയെന്നും, പട്ടികജാതിക്കാർക്ക് വേണ്ടിയുള്ള വിവിധ സാമ്പത്തിക സഹായങ്ങൾ അർഹരായവർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽനേരിട്ട് എത്തുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പരിശോധിച്ചത്.

പട്ടികജാതി വിഭാഗക്കാർക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്നതിന് ഗ്രാമസഭകൾ ചേർന്ന് തയ്യാറാക്കേണ്ട ഉപഭോക്തൃ പട്ടികയിൽ കൊല്ലം കോർപ്പറേഷൻ, തിരുവല്ല മുനിസിപ്പാലിറ്റി, പത്തനംതിട്ട മുനിസിപ്പാലിറ്റി, പുനലൂർ മുൻസിപ്പാലിറ്റി, ചേർത്തല മുൻസിപ്പാലിറ്റി, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ ക്രമക്കേടുകൾ നടക്കുന്നതായി  മിന്നൽ പരിശോധനയിൽ കണ്ടെത്തി.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലും, കൊല്ലം ജില്ലയിലെ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിലും പഠനമുറി നിർമ്മാണത്തിനായുള്ള സാമ്പത്തിക സഹായം മുൻഗണന മറികടന്ന് നൽകിയതായും, പത്തനംതിട്ട, തിരുവല്ല എന്നീ മുൻസിപ്പാലിറ്റികളിൽ പട്ടികജാതിക്കാർക്കുള്ള വിവിധ ആനുകൂല്യങ്ങൾ ഗുണഭോക്തൃ പട്ടികയിൽ ഇല്ലാത്തവർക്കും  വിതരണം നടത്തിയതായി കണ്ടെത്തി. 

Read also: 'ധനവകുപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയില്ല'; സർക്കാറിനെതിരെ ​ഗുരുതര വിമർശനവുമായി പ്രതിപക്ഷം

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റിൽ 52 അപേക്ഷകർ ഉണ്ടായിട്ടും ലിസ്റ്റിൽ ഉൾപ്പെടാത്ത എട്ട് ഗുണഭോക്താക്കൾക്ക് ഫണ്ട് അനുവദിച്ചതായും കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി വാങ്ങിയ 34 ലാപ് ടോപ്പുകളിൽ 4 എണ്ണം കാണാനില്ല. കൊല്ലം കോർപ്പറേഷനിൽ 2018-2019 കാലഘട്ടത്തിൽ പ്രായമുള്ളവർക്ക് വിതരണം ചെയ്യേണ്ടിയിരുന്ന 344 കിടക്കകളിൽ 310 കിടക്കകൾ വിതരണം ചെയ്തിട്ടുള്ളതായും അവശേഷിക്കുന്ന കിടക്കകളെപ്പറ്റി യാതൊരു വിവരവും ലഭ്യമല്ലാത്തതായി കണ്ടെത്തി.

വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ പഠനമുറിക്കായുള്ള മൂന്നാമത്തെ ഗഡു തുക അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതായി റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അപേക്ഷകനോട് തിരക്കിയതിൽതുക ലഭിച്ചിട്ടില്ലായെന്ന്  അറിയിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ഒരു ഗുണഭോക്താവിന് 2019-ൽ വാട്ടർ ടാങ്ക് വിതരണം ചെയ്യാതെ വിതരണം ചെയ്തതായി രേഖപ്പെടുത്തി.
കാസർകോഡ് ജില്ലയിലെ കാറടുക്ക ബ്ലോക്ക് പഞ്ചായത്തിൽ കളിഞ്ഞ 5 വർഷങ്ങളായി ഭൂരഹിത പട്ടികജാതിക്കാർക്ക് സ്ഥലം വാങ്ങി നൽകിവരുന്നത് ഒരു ഭുവുടമയിൽ നിന്നാണെന്നും വിജിലൻസ് കണ്ടെത്തി.

കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച മിന്നൽ പരിശോധന ഇന്നലെയും പൂർത്തിയായിട്ടില്ല. പട്ടികജാതി വിഭാഗക്കാർക്ക് സർക്കാരിന്റെ വിവിധ പദ്ധതികൾ മുഖേന അനുവദിച്ച സാമ്പത്തിക സഹായം അർഹരായവർക്കാണോ ലഭിച്ചിട്ടുള്ളതെന്നും, അവരത് യഥാവിധി വിനിയോഗിച്ചിട്ടുണ്ടോയെന്നും ഉറപ്പുവരുത്താന്‍ സ്ഥല പരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. ടി.കെ.വിനോദ് കുമാർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios