നൂറ് കണക്കിന് യാത്രക്കാര്‍ സ്ഥിരമായി ആശ്രയിക്കുന്ന ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ ട്രെയിനിന്‍റെ  വൈകിയോടലിനെതിരെ യാത്രാക്കാരുടെ പ്രതിഷേധം ശക്തമാവുന്നു. അനാവശ്യമായി ട്രെയിന്‍ വൈകിക്കുകയാണെന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്. രാവിലെ എറണാകുളം ഭാഗത്തേക്ക് ജോലിക്ക് പോകുന്നവരാണ് ഈ പാസഞ്ചര്‍ ട്രെയിനെ കൂടുതലായി ആശ്രയിക്കുന്നത്. രാവിലെ 7.10 നാണ് തൃശൂരില്‍ നിന്ന് പുറപ്പെടുന്നത്. 

തൃശൂര്‍: നൂറ് കണക്കിന് യാത്രക്കാര്‍ സ്ഥിരമായി ആശ്രയിക്കുന്ന ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ ട്രെയിനിന്‍റെ വൈകിയോടലിനെതിരെ യാത്രാക്കാരുടെ പ്രതിഷേധം ശക്തമാവുന്നു. അനാവശ്യമായി ട്രെയിന്‍ വൈകിക്കുകയാണെന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്. രാവിലെ എറണാകുളം ഭാഗത്തേക്ക് ജോലിക്ക് പോകുന്നവരാണ് ഈ പാസഞ്ചര്‍ ട്രെയിനെ കൂടുതലായി ആശ്രയിക്കുന്നത്. രാവിലെ 7.10 നാണ് തൃശൂരില്‍ നിന്ന് പുറപ്പെടുന്നത്. എന്നാല്‍ ദിവസങ്ങളായി 7.45 -ന് ശേഷമാണ് ട്രെയിന്‍ തൃശൂരിലെത്തുന്നത്. ഗുരുവായൂരില്‍ നിന്ന് ട്രെയിന്‍ പുറപ്പെടാന്‍ വൈകുന്നതാണ് ഇതിന് കാരണം. 

എഗ്മോര്‍-ഗുരുവായൂര്‍ ട്രെയിന്‍ സ്ഥിരമായി വൈകിയെത്തുന്നതിനാലാണ് പാസഞ്ചര്‍ ട്രെയിന്‍ ഗുരുവായൂരില്‍ നിന്ന് പുറപ്പെടാന്‍ വൈകുന്നതത്രേ. എന്നാല്‍ വൈകിയെത്തുന്ന എഗ്മോര്‍ ട്രെയിന്‍ തൃശൂരില്‍ പിടിച്ചിട്ട്, ഗുരുവായൂര്‍ പാസഞ്ചര്‍ പുറപ്പെട്ട് തൃശൂരിലെത്തിയതിന് ശേഷം മാത്രമേ വിടുകയുള്ളൂവെന്ന് നേരത്തെ നല്‍കിയ ഉറപ്പ് ലംഘിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യാത്രക്കാര്‍ ആരോപിച്ചു. എഗ്മോര്‍ ട്രെയിന്‍ രാവിലെ 5.45നാണ് ഗുരുവായൂരിലെത്തേണ്ടത്. എന്നാല്‍ ഈ ട്രെയിന്‍ വൈകിയെത്തുന്നതിനാല്‍ രാവിലെ ആറിനാണ് പലപ്പോഴും തൃശൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് വിടുന്നത്. അതിനാല്‍ എഗ്മോര്‍ ട്രെയിന്‍ ഗുരുവായൂരിലെത്താതെ പാസഞ്ചര്‍ ട്രെയിന് പുറപ്പെടാന്‍ സാധിക്കില്ല. 

എഗ്മോര്‍ ട്രെയിന്‍ വൈകിയെത്തിയാല്‍ ഗുരുവായൂരിലേക്ക് വിടില്ലെന്ന് നേരത്തെ റെയില്‍വേ യാത്രക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതാണ്. ഇതു കുറച്ചുനാള്‍ പാലിച്ചിരുന്നെങ്കിലും പ്രളയം കഴിഞ്ഞതോടെ ട്രെയിനുകള്‍ വീണ്ടും വൈകിയോടാന്‍ തുടങ്ങി. ഇതോടെ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന ജോലിക്കാരടക്കമുള്ള നിരവധി യാത്രക്കാര്‍ക്ക് സമയത്തിന് എറണാകുളത്തെത്താന്‍ സാധിക്കുന്നില്ല. ഇതിന് പുറമെ, മറ്റ് ട്രെയിനുകളെ കടത്തി വിടുന്നതിനായി പാസഞ്ചര്‍ ട്രെയിനുകളെ പിടിച്ചിടുകയാണ് റെയിവേ ചെയ്യുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. 

രാവിലെ 8.55 ന് എറണാകുളം നോര്‍ത്തില്‍ എത്തേണ്ട പാസഞ്ചര്‍ ട്രെയിന്‍ പത്ത് മണിയാലും എത്താറില്ല. കഴിഞ്ഞ ദിവസം രാവിലെ വൈകിയോടിക്കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചിട്ട് തൃശൂരില്‍ നിന്ന് എറണാകുളം കോട്ടയം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന നിസാമുദ്ദീന്‍ എക്സ്പ്രസ് മുന്നില്‍ വിട്ടതാണ് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കിയത്. ഈ ട്രെയിന്‍ തൃശൂര്‍ വിട്ടാല്‍ പിന്നെ എറണാകുളത്താണ് സ്റ്റോപ്പ്. രാവിലെ 9.45 ന് എറണാകുളം നോര്‍ത്തില്‍ നിന്ന് പോകേണ്ട നിസാമുദ്ദീന്‍ എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനിന്‍റെ മുമ്പില്‍ വിട്ടതോടെ സമയത്തിന് മുമ്പേയെത്തിയതിനാല്‍ എറണാകുളത്ത് പിടിച്ചിട്ടു. ഇതോടെ പിന്നാലെയെത്തിയ പാസഞ്ചര്‍ ട്രെയിന്‍ നോര്‍ത്തിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ ഔട്ടറില്‍ പിടിച്ചിട്ടുകയായിരുന്നു. ഇതേ തുടര്‍ന്ന് നിസാമുദ്ദീന്‍ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടതിന് ശേഷമാണ് പാസഞ്ചര്‍ ട്രെയിന്‍ നോര്‍ത്തിലെത്തിയത്. യാത്രക്കാരോടുള്ള ഇത്തരം നിഷേധാത്മക നടപടികള്‍ റെയില്‍വേയുടെ ഭാഗത്ത് നിന്ന് സ്ഥിരമാണെന്നും യാത്രക്കാര്‍ ആരോപിച്ചു.