ഇടുക്കി: കഴിഞ്ഞ രണ്ടു ദിവസങ്ങളായി തുടരുന്ന ശക്തമായ മഴ മൂന്നാറിനെയും തോട്ടം മേഖലയെയും ജാഗ്രതയിലാഴ്ത്തി. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടവിടാതെയായിരുന്നു മഴ പെയ്തത്. ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെയുള്ള സമയത്തിനിടയിക്ക് 17.9 സെന്റീമീറ്റര്‍ മഴയാണ് പെയ്തത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റ് വീശിയടിക്കുന്നതും ജനവാസ മേഖലകളെ ഭീതിയിലാക്കുന്നുണ്ട്. 

കരുതലിന്റെ ഭാഗമായി 25 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘം മൂന്നാറില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ദേവികുളത്ത് മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന രണ്ടു കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മുതിരപ്പുഴയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഹെഡ് വര്‍ക്‌സ് ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നിറയുവാന്‍ ഒരു മീറ്റര്‍ ഉയരം മാത്രം വെള്ളം ആവശ്യമുള്ള കുണ്ടള ഡാം തുറന്നു. ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി 20 സെന്റീമീറ്റര്‍ ജലം കുണ്ടള ആറു വഴി മാട്ടുപ്പെട്ടി ഡാമിലേക്കാണ് തുറന്നുവിട്ടിരിക്കുന്നത്. 

മുതിരപ്പുഴയാറിന്റെ ഇരു കരകളിലും താമസിക്കുന്നവരോട് ജാഗ്രത പുലര്‍ത്തുവാന്‍ ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ദേവികുളത്ത് ശക്തമായി വീശിയടിക്കുന്ന കാറ്റു മൂലം നിരവധി കുടുംബങ്ങളാണ് ഭീഷണി നേരിടുന്നത്. വീടുകള്‍ക്കു സമീപം വലിയ മരങ്ങള്‍ നിലനില്‍ക്കുന്നതാണ് അപകടഭീഷണി ഉയര്‍ത്തുന്നത്. മഴക്കെടുതികള്‍ നേരിടുവാനും അടിയന്തിര നടപടികള്‍ സ്വീകരിക്കുവാനും ദേവികുളം കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.