ഇരുപത്തിനാലാമത്തെ വയസ്സിൽ പനി വന്ന് നെഞ്ചിന് കീഴ്പ്പോട്ട് ചലനശേഷി നഷ്ടപ്പെട്ട രാജുവിന്‍റെ വിധിയോടുള്ള പോരാട്ടം കൂടിയാണ് ഓരോ യാത്രയും.
തൃശൂർ: ചേലക്കരയിൽ നിന്ന് വികലാംഗനായ രാജു ഭാര്യ പൊന്നമ്മയേയും കൂട്ടി 60 കിലോമീറ്റർ സ്ക്കൂട്ടർ ഓടിച്ച് അരിമ്പൂർ ഹൈസ്കൂളിലേക്ക് എത്തിയത് കേവലം പേന നിർമ്മാണത്തിന് പരിശീലനം നൽകാൻ മാത്രമല്ല വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരാൻ കൂടിയാണ്. നിര്‍ദ്ധന കുടുംബാംഗമായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ മാതാവിന് വൃക്ക ശസ്ത്രക്രിയ നടത്തേണ്ടി വരുന്ന ചിലവിലേക്ക് സ്കൂളിൽ നിന്നും ധന ശേഖരണം നടത്തിയിരുന്നു. എന്നാൽ കൂടുതൽ ധനം കണ്ടെത്താൻ വിദ്യാർത്ഥികളും, അധ്യാപകരും കണ്ടെത്തിയ മാർഗമായിരുന്നു പരിസ്ഥിതി സൗഹാർദ്ദ പേന നിർമ്മാണവും വിപണനവും.
ഇതിനായി ജൂനിയർ റെഡ്ക്രോസ് വിദ്യാർത്ഥികൾക്ക് പേന നിർമ്മാണത്തിന് പരിശീലനം നൽകുന്നതിനാണ് വികലാംഗനായ രാജു ഭാര്യ പൊന്നമ്മയുമൊത്ത് സ്ക്കൂളിൽ എത്തിയത്. ഇതിനായി പേന പേപ്പർ ബാഗ് നിർമ്മാണത്തിൽ വിദഗ്ധനായ രാജു അരിമ്പൂർ ഹൈസ്കൂളിലെ ജൂനിയർ റെഡ്ക്രോസ് വിദ്യാർത്ഥികൾക്ക് പേന നിർമ്മാണത്തിന് പരിശീലനം നൽകി. ട്യൂബിൽ വർണക്കടലാസ് ചുറ്റി നിർമ്മിക്കുന്ന പേനക്കുള്ളിൽ ഓരോ പച്ചക്കറി വിത്തു കൂടി വയ്ക്കും.
ഉപയോഗ ശേഷം വലിച്ചെറിയുന്ന പേനയിലെ വിത്ത് മുളച്ച് ചെടികളായി മാറുന്നു. വർഷങ്ങളായി പേപ്പർ ബാഗുകളും പേനകളും നിർമ്മിച്ച് സോഷ്യൽ മീഡിയ വഴി ഓർഡർ ശേഖരിച്ച് വിറ്റഴിച്ച് ഉപജീവനം നടത്തുന്ന രാജു-പൊന്നമ്മ ദമ്പതികളുടെ ജീവിതത്തിന്‍റെ നേർക്കാഴ്ച്ച വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ഇരുപത്തിനാലാമത്തെ വയസ്സിൽ പനി വന്ന് നെഞ്ചിന് കീഴ്പ്പോട്ട് ചലനശേഷി നഷ്ടപ്പെട്ട രാജുവിന്‍റെ വിധിയോടുള്ള പോരാട്ടം കൂടിയാണ് ഓരോ യാത്രയും.
ഒരു സ്കൂട്ടറിലാണ് രാജുവും ഭാര്യ പൊന്നമയുടെയും യാത്ര. രാജുവിനെ താങ്ങിയെടുത്ത് വേണം സ്കൂട്ടറിലിരുത്താൻ. ഇരുവശങ്ങളിലും പ്രത്യേകം ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ള സ്കൂട്ടറിലാണ് ഇവരുടെ യാത്ര. ചെന്നെത്തുന്ന പ്രദേശങ്ങളിൽ പരസഹായമില്ലാതെ സഞ്ചരിക്കാൻ ഒരു വീൽചെയർ കൂടി സ്കൂട്ടറിൽ കെട്ടിവച്ചാണ് ഈ ദമ്പതികളുടെ യാത്ര. പരിശീലന ദിനം തന്നെ വിദ്യാർത്ഥികൾ ആയിരത്തിലധികം പേനകൾ നിർമ്മിച്ചു. എക്സിബിഷൻ സംഘടിപ്പിച്ച് വിത്ത് പേനകൾ വിറ്റഴിക്കാനാണ് വിദ്യാർത്ഥികളുടെ ശ്രമം. പ്രതിഫലേച്ഛയില്ലാതെ കിലോമീറ്ററുകൾ താണ്ടിയെത്തിയ രാജു മടങ്ങിയത് അരിമ്പൂർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് വിധിയിൽ തളരാതെ മുന്നോട്ട് പോകാൻ വേണ്ട ആത്മവിശ്വാസവും എന്തും നേരിടാനുള്ള സുദൃഡമായ മനസും മതിയെന്ന സന്ദേശവും നൽകിയാണ്.
