വിശുദ്ധ റമദാനിലെ മഹത്വം നെഞ്ചിലേറ്റി മുസ്‌ലിം സഹോദരങ്ങള്‍ക്കായി നോമ്പുതുറയൊരുക്കാൻ പതിവ് തെറ്റാതെ ഇത്തവണയും  വള്ളികുന്നം വലിയ വിളയിൽ കുടുംബം എത്തി.

കായംകുളം: വിശുദ്ധ റമദാനിലെ മഹത്വം നെഞ്ചിലേറ്റി മുസ്‌ലിം സഹോദരങ്ങള്‍ക്കായി നോമ്പുതുറയൊരുക്കാൻ പതിവ് തെറ്റാതെ ഇത്തവണയും വള്ളികുന്നം വലിയ വിളയിൽ കുടുംബം എത്തി. വളളിക്കുന്നം കടുവിനാല്‍ മുസ്‌ലിം ജമാ അത്ത് പള്ളിയില്‍ കടുവിനാല്‍ വലിയ വിളയില്‍ കുടുംബാംഗങ്ങളാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി നോമ്പുതുറയൊരുക്കുന്നത്.

നൂറ് വര്‍ഷം മുമ്പ് വലിയ വിളയില്‍ എന്ന ഈഴവ കുടുംബത്തിലെ കാരണവരായ വെളുത്ത കുഞ്ഞ് ജോലികഴിഞ്ഞു വരുമ്പോള്‍ നോമ്പുതുറയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കടുവിനാല്‍ പളളിയില്‍ കമ്മിറ്റിയുടെ യോഗം നടക്കുകയായിരുന്നു. വിശ്വാസികളില്‍ നിന്ന് കാര്യം മനസിലാക്കിയ കാരണവര്‍ 26ന് നോമ്പ് തുറ താന്‍ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തു.

തുടർന്ന് നൂറ് വര്‍ഷത്തിലധികമായി മഹത്തായ ഇരുപത്തിയാറാം നോമ്പുതുറ വലിയ വിളയില്‍ കുടുംബം മുറ തെറ്റാതെ നടത്തി വരുകയാണ്. വെളുത്ത കുഞ്ഞിന്റെ മരണശേഷം പിന്നീട് തലമുതിര്‍ന്ന കാരണവന്മാരും, പുതിയ തലമുറയും നോമ്പുതുറ മുടക്കാതെ ഒരുക്കി വരികയാണ്. പുതിയ തലമുറയിൽ പെട്ട പ്രകാശും, പ്രസന്നനും മുതിർന്ന അംഗങ്ങളും ചേർന്നാണ് ഇത്തവണ നോമ്പുതുറ നടത്തിയത്. 

നോമ്പുതുറ ദിവസമായ 26ന് രാവിലെ തന്നെ ആവശ്യമായ സാധനങ്ങള്‍ പള്ളിയില്‍ എത്തിക്കുകയും ഇവിടെ വെച്ച് പാചകം ചെയ്ത് ആഹാരം വിതരണം ചെയ്യും.
വൈകുന്നേരം നോമ്പുതുറക്കുന്ന സമയമാകുമ്പോള്‍ നാട്ടിലെ നാനാജാതി മതസ്ഥര്‍ നോമ്പ് തുറയില്‍ പങ്കെടുക്കും. വരുന്നവര്‍ക്കെല്ലാം വിരുന്നെ് റെഡി. വലിയ വിളയില്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളും മറ്റ് തിരക്കുകളെല്ലാം മാറ്റിവച്ച് നോമ്പുതുറയ്ക്ക് പങ്കാളികളാകാന്‍ എത്തിച്ചേരും. മത സൗഹൃദമെന്നല്ല, സൗഹൃദത്തിന് മതമില്ലെന്നാണ് ഇവരുടെ പക്ഷം.