വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ അപൂർവയിനം ഞണ്ട് കുടുങ്ങി. വിയറ്റ്നാമിൽ ചക്രവർത്തി ഞണ്ട് എന്ന് വിളിക്കപ്പെടുന്ന 'റാനിന റാനിന' എന്ന ശാസ്ത്രീയ നാമമുള്ള ഈ ഞണ്ടിനെ കേരളത്തിൽ തവള ഞണ്ട് എന്നും അറിയപ്പെടുന്നു. 

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി അപൂർവയിനം ഞണ്ട്. വിയറ്റ്നാമിൽ ചക്രവർത്തി ഞണ്ട് ( ഹുൻഹ് ഡാ ക്രാബ് ) എന്ന് വിളിക്കപ്പെടുന്ന ഞണ്ടാണ് കുടുങ്ങിയത്. ഇതിനെക്കാണാൻ നിരവധി പേരാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് തടിച്ചുകൂടിയത്. കടുത്ത ഓറഞ്ച് നിറവും ഏതാനും വെളുത്ത പുള്ളികളുമുള്ള ഇവ പകൽ സമയത്ത് കടലിന്‍റെ അടിത്തട്ടിൽ മണലുകളിൽ ഒളിച്ചിരിക്കും. രാത്രിയാണ് സഞ്ചാരം. കണ്ണും വായയും മാത്രം പുറത്ത് വച്ച് മണലിനടിയിൽ ഒളിച്ചിരുന്നാണ് ഇവ ഇരപിടിക്കുന്നത്. 'റാനിന റാനിന' എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നവയാണിത്. ഇതിനെ തവള ഞണ്ടുകൾ എന്നും അറിയപ്പെടുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉഷ്ണമേഖലാ ആവാസ വ്യവസ്ഥകളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. ആസ്ട്രേലിയൻ തീരങ്ങളിൽ ഇവ ടൺ കണക്കിന് ലഭിക്കാറുണ്ട്, ഫിലിപ്പൈൻ, ആഫ്രിക്ക,ജപ്പാൻ, ഹവായ്, വിയറ്റ്നാം തീരങ്ങളിൽ ധാരാളമായി കണ്ടുവരുന്നുണ്ടെങ്കിലും കേരള, തമിഴ്നാട് തീരങ്ങളിൽ വളരെ അപൂർവമായാണ് ലഭിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ ഭക്ഷണത്തിനായി ഉപയോഗിക്കുമെങ്കിലും മലയാളികൾ ഇവയെ ഭക്ഷണത്തിൽ ഉൾപ്പെടുത്താറില്ല. അക്വേറിയങ്ങളിൽ ഇവ വർണ മത്സ്യമായി വളർത്താറുണ്ട്. വിഴിഞ്ഞത്ത് ഞണ്ട് വലയില്‍ കുടുങ്ങിയതോടെ വ്ലോഗർമാരടക്കം എത്തി വീഡിയോ തിരക്കിലായിരുന്നു.