കുട്ടനാട്: കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് റേഷന്‍ കിട്ടാന്‍ മാര്‍ഗ്ഗമില്ലാതായി. വൈദ്യുതി ഇല്ലാത്തതാണ് റേഷന്‍ കിട്ടാത്തതിന് കാരണം. പഞ്ചിംഗ് മെഷ്യനും നെറ്റ് കണക്ഷനും പ്രവര്‍ത്തിക്കാത്തതിനാല്‍ റേഷന്‍ വ്യാപാരികള്‍ക്ക് റേഷന്‍ നല്‍കാനാകില്ല.

റേഷന്‍ ലഭിക്കണമെങ്കില്‍ കാര്‍ഡ് ഉടമയുടേയോ വീട്ടുകാരുടേയോ വിരല്‍ പഞ്ചിംഗ് മെഷിനില്‍ പതിയണം. കടയില്‍ വൈദ്യുതി ലഭിക്കാതെ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് അരി മേടിക്കാന്‍ മാര്‍ഗ്ഗമില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. 

തുടര്‍ച്ചയായി ഉണ്ടായ ചുഴലികാറ്റും മഴയും വെള്ളപൊക്കവും മൂലം മരങ്ങള്‍ മറിഞ്ഞ് വീണ് പോസ്റ്റുകള്‍ ഒടിഞ്ഞ് കമ്പികള്‍ പൊട്ടിയതു മൂലം പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയിട്ട് മൂന്നു ദിവസം കഴിഞ്ഞു. ഒട്ടുമിക്ക പ്രദേശങ്ങളിലും വൈദ്യുതി ഇല്ലാത്ത അവസ്ഥയിലാണ്.