ഇടുക്കി: ഭക്ഷ്യധാന്യ ക്ഷാമം മുതലെടുത്ത് റേഷന്‍ അരി പൂഴ്ത്തി വയ്ക്കാനുള്ള ശ്രമം നടക്കുന്നതായി എസ്.രാജേന്ദ്രന്‍ എംഎല്‍എ. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ അരി വിതരണം മരവിപ്പിച്ചതായ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നും എംഎല്‍എ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഭക്ഷ്യധാന്യങ്ങള്‍ ക്ഷാമം നേരിടുവാനുള്ള സാധ്യത മുതലെടുത്ത് റേഷന്‍ അരി പൂഴ്ത്തി വയ്ക്കുവാനുള്ള ശ്രമം നടക്കുന്നുണ്ട്. വകുപ്പിലുള്ളവരുടെ ഒത്താശയോടെയാണ് ഈ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കും. അതേസമയം താന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ദേവികുളം താലൂക്കിലെ സിവില്‍ സപ്ലൈ ഡയറക്ടര്‍ കുത്തരി വിതരണം മരവിപ്പിച്ചതായി വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. 

തോട്ടം മേഖലയിലെ തൊഴിലാളികള്‍ കുത്തരിയും കാര്‍ഷിക മേഖലയില്‍ വെള്ളയരിയുമാണ് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്തു വന്നിരുന്നത്. എന്നാല്‍ തോട്ടം മേഖലയില്‍ പാരമ്പര്യമായി വെള്ളരി ഉപയോഗിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് കാര്‍ഷിക മേഖലയില്‍ കുത്തരിയും തോട്ടം മേഖലയില്‍ വെള്ളരിയും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് മന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു. 

ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉയരുന്നത്. ഇതിന്റെ മറവില്‍ റേഷന്‍ വിതരണം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ചിലരുടെ ഗൂഢതന്ത്രത്തിന്റെ ഭാഗമാണിത്. ഗുണഭോക്താക്കള്‍ക്ക് റേഷന്‍ വിതരണം കൃത്യമായി ലഭിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും. കുട്ടിയാര്‍ വാലിയില്‍ ഭൂവിതരണം പൂര്‍ത്തിയായി. 

തോട്ടം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭൂമിയുടെ വിതരണം പൂര്‍ത്തിയായി. 2300 പേര്‍ക്കാണ് നിലവില്‍ ഭൂവിതരണം നടത്തിയിട്ടുള്ളത്. രണ്ടു ഘട്ടങ്ങളായി നടന്ന ഭൂവിതരണം വിവിധ കാലയളവിലായാണ് പൂര്‍ത്തീകരിച്ചുള്ളത്. ആദ്യ ഘട്ടത്തില്‍ പത്തു സെന്റ് വീതമാണ് വിതരണം ചെയ്തിരുന്നു. 

രണ്ടാം ഘട്ടത്തില്‍ അഞ്ചു സെന്റ് വീതമായിരുന്നു വിതരണം. ജൂലൈ ഏഴാം തിയതിയോടുകൂടിയായിരുന്നു ഭൂവിതരണം പൂര്‍ത്തിയാക്കത്. താലൂക്ക് സര്‍വ്വേയര്‍മാരുടെ നേതൃത്വത്തിലായിരുന്നു ഭൂമി അളന്നു തിരിച്ച് ഗുണഭോക്താക്കള്‍ക്ക് നല്‍കിയത്. വീട് വയ്ക്കുവാന്‍ സാധിക്കാത്ത വിധത്തില്‍ ചെങ്കുത്തായ സ്ഥലത്ത് സ്ഥലം ലഭിച്ചവരുടെയും ഭൂവിതരണ സമയത്ത് എത്തിച്ചേരുവാന്‍ സാധിക്കാത്തതുമായ 400 പേരുടെ കാര്യം പ്രത്യേകം പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

ഭൂപ്രശ്‌നം സങ്കീര്‍ണ്ണമാക്കാന്‍ കോണ്‍ഗ്രസില് ശ്രമിക്കുന്നുവെന്ന് ദേവികുളം എംഎല്‍എ
മൂന്നാറിലെ ഭൂപ്രശ്‌നങ്ങളെ സംബന്ധിച്ച് മുഖ്യന്ത്രിയുടെയും മന്ത്രിമാരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ എടുത്ത തീരുമാനങ്ങള്‍ അട്ടിമറിക്കുവാനും ഇതു സംബന്ധമായ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുവാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തി വരുന്നത്

മാങ്കുളം, ചിന്നക്കനാല്‍, വട്ടവട, മൂന്നാര്‍, പള്ളിവാസല്‍, ദേവികുളം എന്നിവിടങ്ങളില്‍ 2010 ലെ കോടതി വിധി പ്രകാരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കാണ് കോണ്‍ഗ്രസ് തുരങ്കം വയ്ക്കുന്നത്. ഡീന്‍ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍, കെപിസിസി ജനനറല്‍ സെക്രട്ടറി റോയി കെ. പൗലോസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന പരാമര്‍ശങ്ങളാണ് ഭൂമിപ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നത്. 

മൂന്നാര്‍ കോളനിയില്‍ താമസിക്കുന്ന ആളുകള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. മൂന്നാര്‍, മറയൂര്‍, ഉടുമലപ്പട്ട എന്നീ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന പളനി ശബരിമല ദേശീയപാതയുടെ പണികള്‍ ആരംഭിക്കുന്നനുള്ള നടപടികള്‍ ആരംഭിക്കാന്‍ എംപി മുന്‍കൈ എടുക്കണമെന്നും ദേവികുളം നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി25 കോടിയുടെ അനുവദിച്ചിട്ടുള്ളതായും എംഎല്‍എ പറഞ്ഞു.