നിലമ്പൂർ: തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ നിലമ്പൂർ നഗരസഭയിൽ കോൺഗ്രസ് വിമതർക്കെതിരെ നടപടി തുടങ്ങി. താമരക്കുളത്ത് വിമത സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി, കോൺഗ്രസ്  വാർഡ് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേരെ പാർട്ടിയിൽ നിന്നും പുറത്താക്കി.

നിലമ്പൂർ നഗരസഭയിലെ 29 ഡിവിഷനായ താമരകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ജനകീയ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സജീഷ ടീച്ചർക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രരണം നടത്തിയ താമരക്കുളം കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഹംസ മൂച്ചിക്കൽ സെക്രട്ടറി വികെ ഗോകുൽദാസ് പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി എടി ഫ്രാൻസിസ് എന്നിവരെയാണ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.  

ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നിർദേശപ്രകാരമാണ് നടപടിയെന്ന് നിലമ്പൂരിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളത്തിൽ നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ ഗോപിനാഥ്, മുനിസിപ്പൽ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പാലോളി മെഹബൂബ് എന്നിവർ അറിയിച്ചു.