വർഷങ്ങളായി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി എതിരേൽപ്പിന് സ്വീകരണം നൽകി വരുന്നുണ്ട്
മാന്നാർ: മതസൗഹാർദ്ദത്തിനും മതമൈത്രിക്കും പേരുകേട്ട മാന്നാറിൽ ശിവരാത്രി എതിരേൽപ്പിന് മാന്നാർ പുത്തൻപള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി മസ്ജിദിനു മുന്നിൽ സ്വീകരണം നൽകി. മേജർ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിൽ 11 ദിവസമായി നടന്നുവന്ന ശിവരാത്രി മഹോത്സവത്തിന് സമാപനം കുറിച്ച് നടന്ന എതിരേൽപ്പ് മഹോൽസവ ഘോഷയാത്രക്കാണ് ജമാഅത്ത് കമ്മറ്റി സ്വീകരണമൊരുക്കിയത്. പുത്തൻപള്ളി ജുമാ മസ്ജിദ് കവാടത്തിൽ ജമാഅത്ത് കൗൺസിൽ ചെയർമാൻ ഹാജി ഇഖ്ബാൽകുഞ്ഞ്, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കൽ, സെക്രട്ടറി എൻ ജെ നവാസ്, ജനറൽ സെക്രട്ടറി കരീംകുഞ്ഞ് കടവിൽ, ട്രഷറർ സലാം കുന്നേൽ, റഹിം ചാപ്രായിൽ എന്നിവർ ചേർന്ന് എതിരേൽപ്പിനെ സ്വീകരിച്ചു.
ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ ഹരികുമാർ ശിവം, അനിൽനായർ ഉത്രാടം, അനുകുമാർ, അനീഷ് രാമകൃഷണൻ, കലാധരൻ കൈലാസം, രാഹുൽ സദാശിവൻ, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ എച്ച്. വൈശാഖ് തുടങ്ങിയവരെയാണ് ബൊക്കെ നൽകിയും ഷാൾ അണിയിച്ചും സ്വീകരിച്ചത്. വർഷങ്ങളായി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി എതിരേൽപ്പിന് സ്വീകരണം നൽകി വരുന്നുണ്ട്. ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ നബിദിന റാലിക്കും വർഷം തോറും തൃക്കുരട്ടി പടിഞ്ഞാറെ നടയിൽ സ്വീകരണം നൽകാറുണ്ട്.
മാന്നാർ തൃക്കുരട്ടി മഹാദേവ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ വൈകിട്ട് 5ന് കടപ്ര മാന്നാർ ജയന്തപുരം കൈനിക്കര മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും കെട്ടുകാഴ്ച, ഉത്സവഫ്ളോട്ടുകൾ, വിവിധ കലാരൂപങ്ങൾ, കാവടികൾ, വാദ്യമേളങ്ങൾ, തെയ്യം, തൃശൂർ പൂക്കാവടി, കൊട്ടക്കാവടി, മലബാർ തെയ്യം, മെഴുവട്ടക്കുട, ഭസ്മക്കാവടി എന്നിവയോടെ ആരംഭിച്ച എതിരേൽപ്പ് ഉൽസവം ചെങ്ങന്നൂർ ഡി. വൈ എസ് പി രാജേഷ് കെ എൻ ആണ് ഉദ്ഘാടനം ചെയ്തത്.
