Asianet News MalayalamAsianet News Malayalam

ഒറ്റ ദിവസം, 28 ഹെര്‍ണിയ സര്‍ജറികള്‍; നേട്ടവുമായി സര്‍ക്കാര്‍ ആശുപത്രി 

താക്കോല്‍ദ്വാര ശാസ്ത്രക്രിയയിലൂടെയാണ് 28 ഹെര്‍ണിയ സര്‍ജറികള്‍ ചെയ്തത്.

record hernia surgery ernakulam general hospital joy
Author
First Published Sep 27, 2023, 6:38 PM IST

കൊച്ചി: 28 ഹെര്‍ണിയ സര്‍ജറികള്‍ ഒരു ദിവസം നടത്തിയെന്ന ചരിത്ര നേട്ടവുമായി എറണാകുളം ജനറല്‍ ആശുപത്രി. താക്കോല്‍ദ്വാര ശാസ്ത്രക്രിയയിലൂടെയാണ് 28 ഹെര്‍ണിയ സര്‍ജറികള്‍ ചെയ്തത്. സീനിയര്‍ കണ്‍സല്‍ട്ടന്റ് സര്‍ജന്‍ ഡോ. സജി മാത്യൂ, അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ മധു, സൂസന്‍, രേണു, ഷേര്‍ളി എന്നിവര്‍ അടങ്ങുന്ന ടീമാണ് സര്‍ജറിക്ക് നേതൃത്വം നല്‍കിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ശസ്ത്രക്രിയകളില്‍ താക്കോല്‍ദ്വാര ശാസ്ത്രക്രിയക്കാണ് ഇക്കാലത്ത് വലിയ പ്രാധാന്യമുള്ളതെന്നും അധികൃതര്‍ അറിയിച്ചു. 'ലഘുവായ സര്‍ജിക്കല്‍ ഇന്‍സിഷന്‍ മതി, അണുബാധ സാധ്യത കുറയും, വീണ്ടും ഹെര്‍ണിയ ഉണ്ടാകാനുള്ള സാധ്യത വിരളമാണ്, ആശുപത്രി വാസം കുറവാണ് തുടങ്ങിയവയാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയയുടെ പ്രത്യേകതകള്‍. എറണാകുളത്തേയും സമീപപ്രദേശങ്ങളിലുള്ള രോഗികളില്‍ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്.' ഈ കാലഘട്ടത്തില്‍ ഹെര്‍ണിയ കേസുകള്‍ വളരെ വ്യാപകമായി കണ്ടെത്തുന്ന സാഹചര്യത്തിലും, കോവിഡാനന്തര കാലഘട്ടമായതിനാലുമാണ് ഇത്തരത്തില്‍ ലാപ്രോസ്‌കോപ്പിക് ഹെര്‍ണിയ റിപ്പയര്‍ ക്യാമ്പ് അടിസ്ഥാനത്തില്‍ നടത്തുവാന്‍ തീരുമാനിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 

'സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ വ്യാപകമായി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് എറണാകുളം ജനറല്‍ ആശുപത്രി. പ്രതിമാസം എണ്ണൂറോളം സര്‍ജറികള്‍ വിവിധ വിഭാഗങ്ങളായി നടക്കുന്നു. ഇതില്‍ പത്ത് ശതമാനവും ലാപ്രോസ്‌കോപ്പിക് സര്‍ജറിയാണ്. സര്‍ജറി വിഭാഗം തലവനായ സജി മാത്യു നാളിതുവരെ 6250 ശാസ്ത്രക്രിയകളാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 2100 എണ്ണം ലാപ്രോസ്‌കോപ്പിക് സര്‍ജറികളാണ് ആണ്. അനുകരണീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡോക്ടര്‍ സജി മാത്യുവിനേയും സര്‍ജറി വിഭാഗത്തേയും,അനസ്‌തേഷ്യ വിഭാഗത്തേയും ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ഷാഹിര്‍ഷാ ആര്‍ അഭിനന്ദിച്ചു.

നിയമന കോഴ; ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖില്‍ മാത്യുവിന്‍റെ പരാതിയില്‍ കേസ് 
 

Follow Us:
Download App:
  • android
  • ios