മൂന്നാറിന്റെ പ്രകൃതിഭംഗിയ്ക്ക് ഭംഗം വരുത്തിയിരുന്ന വന്‍ തോതിലുള്ള മാലിന്യക്കൂമ്പാരങ്ങളും ഇല്ലാതായിട്ടുണ്ട്. ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും ഉപേക്ഷിച്ചിരുന്ന ഭക്ഷണമാലിന്യങ്ങള്‍ മൂലമുള്ള ദുര്‍ഗന്ധവും ഇല്ലാതായി. 

ഇടുക്കി: കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ രാജ്യം പൂട്ടിലാതോടെ വിജനമായ റോഡുകളും ടൗണുകളും ശുദ്ധവായു ശ്വസിക്കുന്നു. ഫാക്ടറികളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിലച്ചതോടെ അന്തരീക്ഷത്തിലെ വായു മലിനീകരണത്തിനും വന്‍ കുറവാണുണ്ടായിട്ടുള്ളത്. മൂന്നാര്‍ കെ.എഡി.എച്ച്.പി എസ്റ്റേറ്റിന് കീഴില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന തേയില ഫാക്ടറികളും പ്രവര്‍ത്തനം ഇല്ലാതായതോടെ എസ്‌റ്റേറ്റ് പ്രദേശങ്ങളിലും മലിനീകരണമൊഴിഞ്ഞ അവസ്ഥയാണ്. 

മൂന്നാറിന്റെ പ്രകൃതിഭംഗിയ്ക്ക് ഭംഗം വരുത്തിയിരുന്ന വന്‍ തോതിലുള്ള മാലിന്യക്കൂമ്പാരങ്ങളും ഇല്ലാതായിട്ടുണ്ട്. ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും ഉപേക്ഷിച്ചിരുന്ന ഭക്ഷണമാലിന്യങ്ങള്‍ മൂലമുള്ള ദുര്‍ഗന്ധവും ഇല്ലാതായി. അപകടകരമായ രീതിയില്‍ മാലിന്യം നിറഞ്ഞും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നതുമായ മൂന്നാറിലെ പുഴകളിലും മാലിന്യത്തിന്റെ തോത് വല്ലാതെ കുറഞ്ഞിട്ടുണ്ട്. 

കഴിഞ്ഞയിടെ മൂന്നാറിലെ പുഴകളില്‍ നടത്തിയ പരിശോധനയില്‍ മാലിന്യത്തിന്റെ തോത് പത്തിരട്ടിയില്‍ അധികമാണെന്ന് കണ്ടത്തിയിരുന്നു. വിനോദസഞ്ചാരം നിലച്ചതോടെ സഞ്ചാരികള്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങളും ഇല്ലാതായി. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം വന്നതിനെ തുടര്‍ന്ന് മാലിന്യങ്ങളുടെ തോത് ഒരളവു വരെ കുറഞ്ഞിരുന്നു. ആവര്‍ത്തിച്ച് പൊതുജനബോധവത്കരണം നല്‍കിയിട്ടും മാലിന്യപ്രശ്‌നം പരിഹരിക്കാനാവാത്ത സാഹചര്യത്തില്‍ വൃത്തിഹീനമായിരുന്ന നിരവധി പൊതുയിടങ്ങള്‍ ശുചീകരിക്കപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലഘട്ടം കഴിഞ്ഞാലും ഇപ്പോള്‍ ഉണ്ടായിരിട്ടുള്ള ശുചിത്വബോധം നിലനിര്‍ത്തുവാനുള്ള ശ്രമങ്ങളാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ടത്.