പാലിയേറ്റീവ് വളണ്ടിയറായ മാതാവിന്റെ മരുന്ന് സൂക്ഷിക്കാനുള്ള പ്രയാസമാണ് ഇത്തരമൊരു ഉപകരണത്തെ കുറിച്ച് ചിന്തിക്കാന്‍ മുബീന്‍ ഫൗസാന് പ്രേരണയായത്.
മലപ്പുറം: കൂട്ടുകാരോടൊപ്പം കളിച്ചുല്ലസിച്ച് നടക്കേണ്ട പ്രായത്തില്‍ രോഗികള്‍ക്ക് അനുഗ്രഹമാകുന്ന മിനി മെഡിസിന്‍ റഫ്രിജറേറ്റര്‍ നിര്‍മിച്ച് വിദ്യാര്‍ഥി. പാലിയേറ്റീവ് വളണ്ടിയറായ മാതാവിന്റെ മരുന്ന് സൂക്ഷിക്കാനുള്ള പ്രയാസമാണ് ഇത്തരമൊരു ഉപകരണത്തെ കുറിച്ച് ചിന്തിക്കാന്‍ മുബീന്‍ ഫൗസാന് പ്രേരണയായത്.
രണ്ടത്താണി ആറ്റുപുറം റാഹത്ത് നഗര്‍ സ്വദേശി കണിയാതൊടി സുലൈമാന്‍നൂര്‍ജഹാന്‍ ദമ്പതികളുടെ മകനായ ഈ കുട്ടി ശാസ്ത്രജ്ഞന്‍ കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. വ്യത്യസ്ത താപനിലയില്‍ മരുന്നു സൂക്ഷിക്കേണ്ടിവരുന്നവര്‍ക്ക് ഉപകാരപ്പെടുന്നതാണ് മെഡിസിന്‍ റഫ്രിജറേറ്റര്‍. മരുന്നുകള്‍ സൂക്ഷിക്കുന്ന ചൂടും തണുപ്പും ബാധിക്കാത്ത തെര്‍മോകോള്‍ പെട്ടിയുടെ ഉള്‍ഭാഗം സി പി യു ഫാനും പെല്‍റ്റിയര്‍ മൊഡ്യൂളും ഉപയോഗിച്ച് തണുപ്പിക്കും.
ഇതോടൊപ്പം തന്നെ പുറംഭാഗം ചൂട് കൂടി പൊട്ടിത്തെറിക്കാതിരിക്കാന്‍ പാത്രത്തില്‍ വെച്ച വെള്ളം പമ്പ് ചെയ്തുകൊണ്ടിരിക്കുന്ന വാട്ടര്‍ കൂളിംഗ് സിസ്റ്റവും പ്രവര്‍ത്തിക്കുന്നു. ഇതോടൊപ്പം ഉള്ളിലെ തണുപ്പ് എത്രയെന്ന് തിരിച്ചറിയുന്നതിനും ഇതില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ചെറിയ ഇന്‍വെര്‍ട്ടര്‍, അഡാപ്റ്റര്‍, ഡി സി വൈദ്യുതി എന്നിവ ഉപയോഗിച്ചാണ് ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നത്. റീചാര്‍ജബിള്‍ ബാറ്ററി കൂടി ഘടിപ്പിച്ചാല്‍ ബാഗ് രൂപത്തില്‍ ഇത് കയ്യില്‍ കൊണ്ടുനടക്കാനും സൗകര്യമാകും. ശാസ്ത്രജ്ഞനാകാനാണ് ഈ 14 കാരന് ആഗ്രഹം. ഈ ആശയം കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചതിന് 2021ല്‍ ഇന്‍സ്‌പെയര്‍ അവാര്‍ഡ് ഫൗസാനെ തേടിയെത്തിയിട്ടുണ്ട്. 10,000 രൂപയും ഇതോടൊപ്പം ലഭിച്ചിരുന്നു.
കൂടുതല്‍ സമയം കൈകളിലെ തള്ളവിരല്‍ പിന്നിലേക്ക് മടക്കിനിര്‍ത്താനുള്ള കഴിവ് പ്രകടമാക്കിയതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും ഈ കൊച്ചുമിടുക്കന്‍ നേടിയിട്ടുണ്ട്. മുഹമ്മദ് സുഫ്‌യാന്‍, മുജ്തബ ഫര്‍ഹാന്‍ എന്നിവർ സഹോദരങ്ങളാണ്.
