കോഴിക്കോട്: കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധു അറസ്റ്റിൽ.  രാജഗോപാലന്റെയും ലീലയുടെയും മകന്‍ രോണു(വേണു- 19) കൊല്ലപ്പെട്ട കേസിലാണ്
ബന്ധുവായ ആദിവാസി കോളനിയിലെ രാജനെ (46) താമരശേരി പോലീസ് അറസ്റ്റ് ചെയ്തത്.

രോണുവിന്റെ ബന്ധുവായ ഒരു യുവതിയുമായുള്ള രാജന്റെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തത് വാക്കേറ്റത്തിലും കൊലയിലും കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. മദ്യലഹരിയിലായിരുന്ന രാജൻ തോർത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് രോണുവിനെ കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട ആദിവാസി യുവാവ് രോണു

വ്യാഴാഴ്ച രാത്രി 10 മണിയോടെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലിനിടയിലാണ് വീടിനു പുറകുവശത്തായി പറമ്പില്‍ രോണുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 12 മണിയോടെ താമരശ്ശേരി സി ഐ. ടി.എ. അഗസ്റ്റിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി കാവല്‍ ഏര്‍പ്പെടുത്തി.

രാവിലെ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കോളനിയിലെത്തിച്ചു. പിന്നീട് മാവൂർ റോഡ് ശ്മാശനത്തിൽ സംസ്ക്കരിച്ചു.