തിരുവനന്തപുരം: തോന്നയ്ക്കൽ കുമാരനാശാൻ സാംസ്‌കാരിക സമിതിക്കെതിരെ പരാതിയുമായി കുമാരനാശാന്‍റെ ചെറുമക്കൾ. വർഷങ്ങളായി ആശാന്‍റെ കുടുംബവും നാട്ടുകാരും ഉപയോഗിച്ചിരുന്ന വഴി തടസപ്പെടുത്തി സാംസ്‌കാരിക സമിതി വേലികെട്ടി തിരിച്ചിരിക്കുകയാണെന്ന് മംഗലപുരം പൊലീസിൽ നൽകിയ പരാതിയിൽ ചെറുമക്കൾ ആരോപിച്ചു. 

സാസ്കാരിക സമിതി കെട്ടിടം നിൽക്കുന്നതിന്റെ സമീപത്തുള്ള ഭൂമി ആശാന്‍റെ ചെറുമക്കളുടെ പേരിലാണുള്ളത്. ഹൈക്കോടതി വിധി പ്രകാരം ഈ വഴി തങ്ങളുടെ ഭൂമിയിലാണ് ഉള്ളതെന്ന് ചെറുമക്കൾ പരാതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, സാമൂഹിക വിരുദ്ധർ സ്മാരകത്തിന് കേടുപാടുണ്ടാക്കാൻ ശ്രമിക്കുകയും മാലിന്യങ്ങൾ നിക്ഷേപിക്കുകയും ചെയ്യുന്നത് തടയാനാണ് ഈ ഭാഗം വേലികെട്ടി തിരിച്ചതെന്ന് സാംസ്‌കാരിക സമിതി അധികൃതർ പറഞ്ഞു.

കുടുംബത്തിന് വഴി നല്‍കണമെന്ന ഉത്തരവിനെ തുടർന്ന് നാല് മീറ്ററോളം വഴി സമിതി അനുവദിച്ച് നല്‍കിയിരുന്നു. ആശാന്‍റെ കുടുംബത്തിന് വിഷമം ഉണ്ടാകുന്ന ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും ചിലരുടെ വ്യക്തി താല്പര്യങ്ങളാണ് പരാതിക്ക് പിന്നിലെന്നും അധികൃതർ ആരോപിച്ചു.