വാടക വീട്ടിൽ നിന്ന് കഴിഞ്ഞ 22-ാം തീയ്യതി വൈകുന്നേരം മുതൽ അദ്ദേഹത്തെ കാണാനില്ലായിരുന്നു
തിരുവനന്തപുരം: നെടുമങ്ങാട് കൂവക്കുടിയ്ക്ക് സമീപം കരമനയാറ്റിൽ കണ്ട മൃതദേഹം തമിഴ്നാട് തെങ്കാശിയുടേത്. കടന്നല്ലൂർ അക്കരകട്ട എസ്കെടി നഗർ 114 നമ്പർ വീട്ടിൽ സെൽവ റീഗന്റെ (31) മൃതദേഹം ആണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ബുധനാഴ്ച രാത്രി പത്തുമണിയോടെ ആണ് കൂവക്കുടിയ്ക്ക് സമീപം മൃതദേഹം കണ്ടെത്തിയത്.
ആര്യനാട്, വെള്ളനാട്, കുറ്റിച്ചൽ എന്നീ പ്രദേശങ്ങളിൽ നടത്തുന്ന കോഴിഫാമുകളിലെ സൂപ്പർവൈസർ ആയിരുന്നു സെൽവ റീഗൻ. കമ്പനി മുക്കിലെ വാടക വീട്ടിൽ നിന്ന് കഴിഞ്ഞ 22-ാം തീയ്യതി വൈകുന്നേരം മുതൽ അദ്ദേഹത്തെ കാണാനില്ലായിരുന്നു. ഇയാളുടെ ബൈക്ക് പിന്നീട് വെള്ളനാട് പഴയവീട്ടുമൂഴി ക്ഷേത്രത്തിന് സമീപം കരമനയാറ്റിന്റെ കരയിൽ കണ്ടെത്തിയിരിന്നു. സെൽവ റീഗൻ ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പൊലീസ് നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പൊലീസ് കേസെടുത്തു.
