Asianet News MalayalamAsianet News Malayalam

ഓർമ്മയില്ലേ തക്കുടുവിനെ, ചെറുതോണി പാലത്തിൽ അച്ഛനോടൊപ്പം അവൻ വീണ്ടുമെത്തി!

ചെറുതോണി പാലത്തിന് മുകളിൽ നിൽക്കെ ആ അച്ഛൻ മകനോട് 2018 ആഗസ്റ്റിലെ ആ ദിവസം പറഞ്ഞുകൊടുത്തു...

Remember Thakkudu, he was back with his father on the cheruthoni bridge
Author
Idukki, First Published Oct 20, 2021, 10:34 AM IST

ഇടുക്കി: ഇടുക്കി അണക്കെട്ട് കാണാൻ അച്ഛനോടൊപ്പം ആറ് വയസുകാരൻ തക്കുടുവെത്തി ഒരിക്കൽ കൂടി. തക്കുടു എന്നുവിളിക്കുന്ന സൂരജിനെ ഓർമയില്ലേ. ഇടുക്കി ഡാം തുറന്നതിന്റെ രണ്ടാം ദിവസം ചെറുതോണി പാലത്തിലൂടെ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ പനി പിടിച്ച കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ഓടുന്ന ദൃശ്യം പ്രളയാതിജീവനത്തിന്റെ ഓർമച്ചിത്രമായിരുന്നു. അതേ കുട്ടിയാണ് ഇന്ന് അച്ഛനൊപ്പം ഡാം തുറക്കുന്നത് കാണാനെത്തിയത്.

ഇത്തവണ രണ്ടു ദിവസം മുൻപ് തന്നെ സൂരജ് അച്ഛനോട് ഡാം തുറക്കുന്നത് കാണാൻ പോകണെമന്ന് നിർബന്ധം പിടിച്ചിരുന്നു. അതുകൊണ്ടാണ് പനിയായിട്ടും മകനെ കൂടെ കൂട്ടിയത്. ചെറുതോണി പാലത്തിന് മുകളിൽ നിൽക്കെ ആ അച്ഛൻ മകനോട് 2018 ആഗസ്റ്റിലെ ആ ദിവസം പറഞ്ഞുകൊടുത്തു. ചെറുതോണി ഇടുക്കി കോളനിയിൽ കാരക്കാട്ട് പുത്തൻവീട്ടിൽ വിജയരാജിെൻറയും മഞ്ജുവിന്റെയും മകനാണ് സൂരജ്. ഡാം തുറക്കുന്നത് കണ്ടശേഷം ആഗസ്റ്റ് 10ന് ഉച്ചയോടെ വീട്ടിലെത്തിയ വിജയരാജ് കണ്ടത് കടുത്തപനിയും ശ്വാസംമുട്ടലും കൊണ്ട് വിഷമിക്കുന്ന മൂന്നു വയസുള്ള മകനെയായിരുന്നു.

അതിശക്തമായ മഴ വകവയ്‌ക്കാതെ അവനെയുമെടുത്ത് വീട്ടിൽ നിന്നിറങ്ങി. പാലത്തിനടുത്ത് എത്തിയപ്പോൾ അക്കരെ വിടാൻ നിർവാഹമില്ലെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി. എന്നാൽ കുഞ്ഞിന് പനി കൂടുതലാണെന്ന് ബോദ്ധ്യപ്പെട്ടതോടെ മറുകരയിലുള്ള സർക്കിൾ ഇൻസ്‌പെക്‌ടറെ വിവരം അറിയിച്ചു.  ദുരന്തനിവാരണ സേനാംഗങ്ങൾ ഓടിയെത്തി കുഞ്ഞിനെ വാങ്ങി ഞൊടിയിട കൊണ്ട് മറുകരയെത്തിച്ചു. അവിടെ നിന്ന് ആട്ടോറിക്ഷയിൽ കയറിയ ശേഷം തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് പാലത്തിനു മുകളിലൂടെ വെള്ളം കുത്തിയൊഴുകുന്ന കാഴ്‌ചയാണ്. 

കൈയിൽ ഒരു രൂപ പോലും ഇല്ലാതിരുന്ന ആ സമയം സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്ത് കൈയിൽ വച്ചോളൂ എന്നുപറഞ്ഞു തന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴും വിജയരാജിന്റെ മനസിലുണ്ട്. ഇടുക്കിയിലെ പ്രളയതീവ്രത ലോകത്തെ അറിയിച്ചതിൽ താൻ വഹിച്ച പങ്കിനെ കുറിച്ചൊന്നും  ഇന്ന് അവനറിയില്ലെങ്കിലും അണക്കെട്ട്  തുറക്കുന്നത് കാണാൻ പറ്റിയ സന്തോഷമാണ് അവന്. മഞ്ജിമ എന്നൊരു സഹോദരി കൂടിയുണ്ട് ഇന്ന് സൂരജിന്.

Follow Us:
Download App:
  • android
  • ios