തിരുവനന്തപുരം: അരുവിക്കര ജല ശുദ്ധീകരണ ശാലയിലെ രണ്ട് പ്ലാന്റിലെയും നവീകരണ ജോലികൾ പൂര്‍ത്തിയായി. നവീകരണ ജോലികൾക്ക് ശേഷം പ്ലാന്റുകളിൽ പരിശോധന നടത്തി ഉറപ്പിച്ച ശേഷം ജല അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ പ്രതീക്ഷിച്ചതിലും വളരെ വേഗം നി‍ര്‍മ്മാണ ജോലികൾ പൂ‍ര്‍ത്തീകരിക്കാൻ സാധിച്ചുവെന്നത് തിരുവനന്തപുരം നഗര നിവാസികൾക്ക് ആശ്വാസമായി.

രണ്ട് പ്ലാന്റുകളിൽ നിന്നും പമ്പിംഗ് ആരംഭിച്ചു. ജോലികൾ കൃത്യസമയത്ത് പൂര്‍ത്തായാകുന്നത് നഗരവാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. അരുവിക്കരയിലെ 74 എംഎൽഡി പ്ലാന്റിലും 86 എംഎൽഡി പ്ലാന്റിലുമാണ് നവീകരണ ജോലികൾ ഉണ്ടായിരുന്നത്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ ജലവിതരണം സാധാരണ നിലയിലെത്തും. ഇന്നലെ ഉച്ച മുതലാണ് പമ്പിംഗ് പൂര്‍ണ്ണമായും നി‍ർത്തിവച്ചത്.

അതേസമയം ജലവിതരണം തടസ്സപെടാതിരിക്കാൻ ഏ‍ര്‍പ്പെടുത്തിയ ബദൽ ശുദ്ധജല വിതരണം നല്ല രീതിയിൽ പുരോഗമിച്ചു. ടാങ്കറുകളിൽ ജലമെത്തിച്ച് 51 വാ‍ർഡുകളിലും ജലം വിതരണം ചെയ്യുകയായിരുന്നു. അതിനിടയിലാണ് കൃത്യസമയത്ത് തന്നെ പ്ലാന്റിലെ അറ്റകുറ്റപ്പണി തീരുന്നത്.