ഹരിപ്പാട്: മത്സ്യബന്ധനത്തിനിടയിൽ കടലിൽ അകപ്പെട്ട തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം വലിയഴീക്കൽ പൊഴിക്ക് ഏകദേശം മൂന്ന് കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി ശ്രീഹരി എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. കാരിയർ വള്ളം ആയ ഇതിലേക്ക് വലിയ വള്ളത്തിൽ നിന്നും മീൻ കയറുന്നതിനിടെ അപകടത്തിൽപ്പെട്ട് വള്ളം മുങ്ങുകയായിരുന്നു. 

കടലിൽ ശക്തമായ തിരയുള്ളതിനാൽ മറ്റ് വള്ളങ്ങൾക്ക് രക്ഷ പ്രവർത്തനം നടത്താൻ സാധിച്ചില്ല. തുടർന്നാണ് മറൈൻ എൻഫോഴ്സ്മെന്റിനെ വിവരം അറിയിക്കുന്നത്. ആറാട്ടുപുഴ സ്വദേശികളായ അനന്തു, ശ്രീഹരി. ഗിരീഷ് എന്നീ തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവരെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. അപകടത്തിൽപ്പെട്ട വള്ളവും മറൈൻ എൻഫോഴ്സ്മെന്റ് ബോട്ടിൽ കെട്ടിവലിച്ച് തീരത്ത് എത്തിച്ചു.

മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ സി പി ഒ ജോസഫ് ജോൺ, ലൈഫ് ഗാർഡുകൾ ആയ ജയൻ, ജോർജ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.