തെരഞ്ഞെടുപ്പിന്‍റെ ആവേശങ്ങളോ കൊടിതോരണങ്ങളോ ഒന്നും കാട് കടന്നെത്തിയിട്ടില്ല

കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയ ശ്രദ്ധയിലെത്തിയിരിക്കുകയാണ് വയനാട്. എന്നാല്‍, മണ്ഡലത്തിലെ ഉള്‍വനങ്ങളിൽ തെരഞ്ഞെടുപ്പിന്‍റെ ആവേശം ഇപ്പോഴും എത്തിയിട്ടില്ലാത്ത സ്ഥലങ്ങളുണ്ട്‍. വലിയ വാഗ്ദ്ധാനങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കുമപ്പുറം വീടും കുടിവെള്ളവുമൊക്കെയാണ് ഇവരുടെ ആവശ്യങ്ങള്‍.

നിലമ്പൂരില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് വെറ്റിലക്കൊല്ലി ആദിവാസി കോളനി. ഉള്‍വനത്തിലൂടെയുള്ള ചെങ്കുത്തായ പാതയില്‍ ജീപ്പ് മാത്രമാണ് ആശ്രയം. പണിയര്‍ വിഭാഗത്തില്‍പ്പെട്ട 26 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ ആവേശങ്ങളോ കൊടിതോരണങ്ങളോ ഒന്നും കാട് കടന്നെത്തിയിട്ടില്ല.

ആര് ജയിച്ചാലും തോറ്റാലും ഇവരുടെ ആവശ്യങ്ങള്‍ ഈ വീടും വെള്ളവുമാണ്. കാടിനുള്ളില്‍പ്പോലും കുടിവെള്ളമില്ലെന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്നം. ഒരു കിലോമീറ്റര്‍ അകലെയുള്ള പുഴ വറ്റി വരണ്ടിരിക്കുന്നു. ചെറുകുഴികളിലുള്ള വെള്ളമാണ് കോളനിക്കാരുടെ ആശ്രയം. വേനല്‍ കടുക്കുന്നതോടെ ആകെയുള്ള വെള്ളവും ഇല്ലാതാകും. അതിനെയും മറികടന്നൊരു തെരെഞ്ഞെടുപ്പ് ആവേശം വയനാടിന്‍റെ ഉൾവനങ്ങൾക്ക് ഉണ്ടാവുകയും എളുപ്പമല്ല.