തൃശ്ശൂര്‍: കുട്ടികളിൽ നല്ല ഭക്ഷണ ശീലം പ്രചരിപ്പിക്കാനുള്ള റെസ്പോൺസിബിൾ ഈറ്റിംഗ് ഡ്രൈവിന് തൃശ്ശൂരിൽ തുടക്കമായി. ഭക്ഷ്യ സുരക്ഷാ വകുപ്പും ഭക്ഷണ പ്രിയരുടെ കൂട്ടായാമയായ കൊതിയനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് സംസ്ക്കാരത്തിൽ നിന്ന് സുരക്ഷിതമായ ഭക്ഷണ ക്രമത്തിലേക്ക് മാറാൻ കുട്ടികളേയും രക്ഷിതാക്കളേയും ബോധവൽക്കരിക്കുന്നതാണ് പരിപാടി. ഡോക്ടർമാരും മറ്റ് വിദഗ്ധരുമാണ് ക്ലാസുകൾ നയിക്കുന്നത്.

കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ പത്ത് സ്കൂളുകളിൽ നിന്ന് 120 പേരാണ് ആദ്യ ഘട്ടത്തിൽ പങ്കെടുക്കുന്നത്. ഇവരിലൂടെ ബോധവൽക്കരണം തുടരാനാണ് പദ്ധതി. ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ സുരക്ഷിതവും പോഷക സമ്പൂര്‍ണ്ണവുമായ ആഹാരം എന്ന പദ്ധതിയുടെ ഭാഗം കൂടിയാണ് പരിപാടി. ആദ്യ ഘട്ടത്തിൽ സ്വകാര്യ സ്കൂളുകളിലെ കുട്ടികളാണ് പങ്കെടുക്കുന്നത്. അടുത്ത ഘട്ടത്തിൽ സർക്കാർ സ്കൂളുകളേയും സ്പെഷ്യൽ സ്കൂളുകളേയും ഉൾപ്പെടുത്തും