കോഴിക്കോട്: കോളേജ് ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥിനി നിയമ പോരാട്ടത്തിനൊരുങ്ങുന്നു. ചേളന്നൂര്‍ എസ്എന്‍ കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ഫഹീമ ഷിറിനാണ് മാനേജ്മെന്‍റ് തീരുമാനം ചോദ്യം ചെയ്ത് രംഗത്തെത്തിയത്. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന പക്ഷം ഹോസ്റ്റലില്‍നിന്ന് മാറണമെന്നാണ് പ്രിന്‍സിപ്പലിന്‍റെ നിര്‍ദ്ദേശം.

വൈകീട്ട് 6 മണി മുതൽ രാത്രി 10 മണി വരെ ഹോസ്റ്റലിൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് ചേളന്നൂര്‍ എസ്എന്‍ കോളേജ് മാനേജ്മെന്‍റിന്‍റെ തീരുമാനം. പഠന നിലവാരം ഉറപ്പാക്കാനെന്ന പേരിലാണ് ഈ നിയന്ത്രണം. എന്നാല്‍, പഠനത്തിന് ഇന്‍റര്‍നെറ്റ് സഹായം അനിവാര്യമായ ഇക്കാലത്ത് ഇത്തരമൊരു നിയന്ത്രണം അനീതിയാണെന്ന് ഫാഹിമ ഷിറിന്‍ പറയുന്നു. മാത്രമല്ല സുരക്ഷയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗം അനുവദിക്കാമെന്ന യുജിസി നിര്‍ദ്ദേശവും ഷിറിന്‍ ചൂണ്ടിക്കാട്ടുന്നു.

തീരുമാനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകുമെന്ന് ഷിറിന്‍റെ പിതാവ് അക്സര്‍ പറഞ്ഞു. ഹോസ്ററൽ കമ്മിറ്റി ചേർന്ന് എടുത്ത തീരുമാനമാണ് നടപ്പാക്കുന്നതെന്ന് പ്രിൻസിപ്പൽ പറയുന്നു. ഷിറിന്‍ ഒഴികെയുളള കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും തീരുമാനത്തില്‍ എതിര്‍പ്പില്ല. നിര്‍ദ്ദേശം പാലിക്കാന്‍ കഴിയില്ലെങ്കില്‍ ഹോസ്റ്റലില്‍ നിന്ന് മാറണമെന്ന് കോളേജ് അധികൃതർ ഷിറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.