ചാലക്കുടി സ്വദേശിയായ മുൻ ഡിവൈഎസ്പി കെ.എസ്. വിജയനാണ് അറസ്റ്റിലായത്. 

തൃശൂർ: തൃശൂർ കൊടകരയിൽ മുക്കുപണ്ടം പണയപ്പെടുത്തിയ കേസിൽ മുൻ ഡിവൈഎസ്പി അറസ്റ്റിൽ. ചാലക്കുടി സ്വദേശിയായ മുൻ ഡിവൈഎസ്പി കെ.എസ്. വിജയനാണ് അറസ്റ്റിലായത്. സഹകരണ ബാങ്കിൽ നിന്ന് മുക്കുപണ്ടം പണയപ്പെടുത്തി 5.45 ലക്ഷം രൂപയാണ് 
ഇയാൾ വാങ്ങിയത്. യഥാര്‍ത്ഥ സ്വര്‍ണമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള മുക്കുപണ്ടങ്ങളും ഇപ്പോള്‍ വിപണിയിലുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നും സമാനമായ വാര്‍ത്ത പുറത്തുവന്നിരുന്നു. 

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പള്ളുരുത്തി പൊലീസാണ് പിടികൂടിയത്. ആലപ്പുഴ മണ്ണഞ്ചേരി ഷഹനാസ് മനസിൽ സാനിഫ് (33) ആണ് പിടിയിലായത്. പള്ളുരുത്തി മരുന്നുകട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച സാനിഫ് 70,000 രൂപയാണ് തട്ടിയെടുത്തത്. 

സ്ഥാപന ഉടമയുടെ പരാതിയിൽ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കെ.ആർ മനോജിന്റെ നിർദ്ദേശപ്രകാരം പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ കെ.എസ് ജയന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ മനോജ് എം, മുനീർ എം.എം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രജിത്ത്, സുഭാഷ്, പ്രശാന്ത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. 

കൊച്ചിയിലെ തന്നെ വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ കേസിൽ യുവാവിനെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പളളുരുത്തി വെള്ളി പറമ്പിൽ വീട്ടിൽ രാഹുൽ ബാബു(25) ആണ് പിടിയിലായത്. തോപ്പുംപടി മുണ്ടംവേലി ഫ്രണ്ട്സ് അസോസിയേഷൻ റോഡിൽ സ്ഥിതി ചെയ്യുന്ന പ്രൈം ഏജൻസിസ് എന്ന വ്യാപാര സ്ഥാപനത്തിൽ നിന്ന് 20000 രൂപ വില വരുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിലാണ് രാഹുൽ പിടിയിലായത്. 

മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കെ.ആർ മനോജിന്റെ നിർദ്ദേശപ്രകാരം തോപ്പുംപടി ഇൻസ്പെക്ടർ ഫിറോസിന്റെ നേതൃത്വത്തിൽ എസ്ഐ സെബാസ്റ്റ്യൻ. പി. ചാക്കോ, സിപിഒ മാരായ സുഷി മോൻ, പ്രസാദ്, രജീഷ് കുമാർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് രാഹുലിനെ പിടികൂടിയത്. 

'കൊള്ളകളുടെ ലേറ്റസ്റ്റ് വേർഷൻ, കുടുംബവുമായി കക്കാൻ നടക്കുന്ന ഒരേയൊരു നേതാവ്'; പരിഹസിച്ച് ചെന്നിത്തല

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News