എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തൽ ആശ്ചര്യകരം പി ആർ സിയാദ്
തിരുവനന്തപുരം: എഐസിസി വർക്കിംഗ് കമ്മിറ്റി അംഗവും കോൺഗ്രസിന്റെ തലമുതിർന്ന നേതാവുമായ എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തൽ ആശ്ചര്യകരമാണെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി പി ആർ സിയാദ്. മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തെ ആന്റണി മനസ്സുകൊണ്ട് അംഗീകരിച്ചിരുന്നുവെന്നും അതുവരെ ബിജെപിയോട് ഉണ്ടായിരുന്ന വെറുപ്പ് മാറി എന്നുമാണ് അവർ വ്യക്തമാക്കിയത്.
ഒരുകാലത്തും ഫാഷിസ്റ്റ് രാഷ്ട്രീയത്തോട് വെറുപ്പ് പുലർത്തിയിട്ടുള്ള ആളല്ല അദ്ദേഹം എന്നത് പരസ്യമായ രഹസ്യമാണ്. മൗനം കൊണ്ടോ അവർക്ക് സഹായകരമായ നിലപാട് കൊണ്ടോ ഫാഷിസത്തോട് വിധേയത്വം പുലർത്തുന്ന ഒരു കോൺഗ്രസ് നേതാവാണ് എ കെ ആന്റണി എന്നത് പലപ്പോഴും ബോധ്യം വന്നിട്ടുള്ളതാണ്. പല നിർണായക ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകൾ അത് വ്യക്തമാക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിയുടെ ഇപ്പോഴത്തെ ഈ വെളിപ്പെടുത്തൽ തുറന്നുപറച്ചിൽ ആണെന്നും പി ആർ സിയാദ് കൂട്ടിച്ചേർത്തു.
Read more: രണ്ട് ബിജെപി അംഗങ്ങൾ പിന്തുണച്ചു; പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എസ്ഡിപിഐക്ക് ജയം
അതേസമയം, മകൻ അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനം നേരത്തെ അറിഞ്ഞിരുന്നു എന്നായിരുന്നു എകെ ആന്‍റണിയുടെ ഭാര്യ എലിസബത്ത് പറഞ്ഞത്. കോണ്‍ഗ്രസില്‍ ഭാവിയില്ലെന്ന് കണ്ടാണ് ബിജെപിയിലേക്ക് പോയത്. പ്രാര്‍ത്ഥനകളില്‍ മുഴുകിയതോടെ ബിജെപിയോടുള്ള വെറുപ്പും എതിര്‍പ്പും മാറി. മകന്‍ വീട്ടിലേക്ക് തിരിച്ചുവന്നപ്പോള്‍ എ. കെ ആന്‍റണി സൗമ്യതയോടെയാണ് പെരുമാറിയതെന്നും എലിസബത്ത് പറഞ്ഞു.
ആലപ്പുഴയിലെ കൃപാസനം പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ എലിസബത്ത് ആന്റണി നടത്തിയ സാക്ഷ്യം പറയലിലാണ് സമൂഹമാധ്യമങ്ങളിലടക്കം വലിയ തോതിൽ ചർച്ചയാകുന്നത്. 39 കാരനായ അനില്‍ ആന്‍റണി സജീവരാഷ്ട്രീയത്തിലേക്ക് വരാന്‍ ഒരുപാട് ആഗ്രഹിച്ചു. പക്ഷേ മക്കള്‍ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് ചിന്തന്‍ ശിബിരത്തില്‍ പ്രമേയം വന്നതോടെ ആശങ്കയായി. ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെട്ടിരിക്കുമ്പോഴാണ് പിഎം ഓഫീസിൽ നിന്നും ബിജെപിയിലേക്കുള്ള വിളി വന്നതെന്ന് എലിസബത്ത് പറയുന്നു.
ടിവിയിലൂടെയാണ് അനില്‍ ബിജെപിയിലെത്തിയ കാര്യം എകെ ആന്‍റണി അറിഞ്ഞത്. എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു പേടി. രണ്ടു തവണ അനില്‍ വീട്ടിൽ വന്നു. ആന്‍റണി സൗമ്യതയോടെയാണ് പെരുമാറിയതെന്നും എലിസബത്ത് പറയുന്നു. ആന്‍റണിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാനും രാഷ്ട്രീയത്തില്‍ സജീവമായി തന്നെ നില്‍ക്കാനും പ്രാര്‍ത്ഥിച്ചിരുന്നതായും അതിന്‍റെ ഫലമായാണ് വര്‍ക്കിങ് കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയതെന്നും എലിസബത്ത് വിശ്വസിക്കുന്നു. ഉടമ്പടികളെടുത്ത് പ്രാര്‍ഥിച്ചശേഷം ഫലമുണ്ടായാല്‍ സാക്ഷ്യം പറയണമെന്ന രീതി പിന്തുടര്‍ന്നാണ് കൃപാസനത്തില്‍ എലിസബത്ത് സംസാരിച്ചത്.
