പത്തനംതിട്ട: കോന്നിയിൽ വനഭൂമി കൈവശം വച്ചവർക്ക് പട്ടയം നല്‍കാനുള്ള നടപടികളുമായി റവന്യൂ വകുപ്പ്. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് കൈവശകാർക്ക് പട്ടയം നൽകിയിരുന്നെങ്കിലും ഇടത് സർക്കാർ ഇത് റദ്ദാക്കിയിരുന്നു. അതേസമയം, കോന്നി ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ പട്ടയം നടപടികൾ ആരംഭിച്ചത് ഇടത് പക്ഷത്തിന്‍റെ രാഷ്ട്രീയ നീക്കമാണെന്ന് യുഡിഎഫ് ആരോപിക്കുന്നു.

കോന്നിയിലെ ആറു വില്ലേജുകളിലായി കിടക്കുന്ന 1970 ഹെക്ടർ വനഭൂമിയിലെ കൈവശകാർക്ക് പട്ടയം അനുവദിക്കാനാണ് നടപടി തുടങ്ങിയത്. 1843 പേരാണ് വനഭൂമി കൈവശം വച്ചിരിക്കുന്നത്. 1977 ന് മുമ്പ് വനഭൂമി കൈവശം വച്ചവർക്ക് പട്ടയം അനുവദിക്കാനുള്ള ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ അവസാന കാലത്ത് പട്ടയം അനുവദിച്ചിരുന്നു. 40ൽ അധികം പേർ ഏറ്റുവാങ്ങുകയും ചെയ്തു. 

എന്നാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങാതെയായിരുന്നു അന്ന് പട്ടയം നൽകിയത്. ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി ജില്ലാ കലക്ടർ റിപ്പോർട്ട് നൽകുകയും ഇടത് സർക്കാർ പട്ടയങ്ങൾ റദ്ദാക്കുകയും ചെയ്തു. ഇതേ ഭൂമിയിൽ സർവ്വെ നടത്താൻ 12 അംഗ ഉദ്യോഗസ്ഥ സംഘത്തെയാണ് ഇപ്പോൾ നിയമിച്ചിരിക്കുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അംഗീകാരത്തിന് അപേക്ഷ നൽകിയെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.  കോന്നിക്കൊപ്പം അനുവദിച്ച മറ്റിടങ്ങളിലെ പട്ടയം റദ്ദാക്കുകയോ പുന:പരിശോധിക്കുകയോ ചെയ്തിരുന്നില്ല.