മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരെ സ്റ്റോപ് മെമ്മോ നൽകി റവന്യൂ വകുപ്പ്. 

ഇടുക്കി: മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരെ സ്റ്റോപ് മെമ്മോ നൽകി റവന്യൂ വകുപ്പ്. അടുത്തിടെ പത്ത് ബഹുനില കെട്ടിടങ്ങള്‍ക്കാണ് ദേവികുളം സബ്കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. മൂന്നാര്‍ ടൗണ്‍ കേന്ദ്രീകരിച്ച് അനധികൃതമായി നിര്‍മ്മിക്കുന്ന മൂന്ന് ബഹുനില കെട്ടിടങ്ങള്‍ക്കാണ് തിങ്കളാഴ്ച സബ് കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ഏതാനും ദിവസത്തിനിടെ മറ്റ് ഏഴ് കെട്ടിടങ്ങൾക്കും സ്റ്റോപ് മെമ്മോ നൽകിയിരുന്നു.

ദേവികുളത്ത് പുതിയ സബ്കളക്ടർ ചുമതലയെടുത്തത് മുതല്‍ ഇതിനകം 30 അനധികൃത കെട്ടിട നിർമ്മാണങ്ങളാണ് നിറുത്തിവെച്ചത്. സ്റ്റോപ് മെമ്മോ കിട്ടിയാലും കയ്യേറ്റക്കാർ നിർമ്മാണം പൂർത്തിയാക്കുന്നതാണ് മൂന്നാറിലെ പതിവ്. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നിര്‍മ്മാണ ജോലികൾ തടയിടുന്നതിനായി നിരീക്ഷക സംഘത്തിനും ഇത്തവണ സബ്കളക്ടർ രൂപം നല്‍കുകിയിരിക്കുന്നു. മൂന്നാര്‍ കോളനി കേന്ദ്രീകരിച്ച് ബൈജു ഗോപാലന്‍റെ ഉടമസഥതയിലുളള ഗോകുലം ഹോട്ടലിന്‍റെ നിർമ്മാണത്തിനാണ് അവസാനമായി സ്റ്റോപ് മെമ്മോ നൽകിയിരിക്കുന്നത്. കെഡിഎച്ച് വില്ലേജ് ഓഫീസര്‍ ആയൂബ് ഖാന്‍ എത്തി സ്റ്റോപ്പ് മെമ്മോ പതിക്കുകയായിരുന്നു.

പഞ്ചായത്തിന്‍റെ അനുമതിയില്ലാതെയുളള കെട്ടിട നിർമ്മാണം ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമാണെന്നും നിര്‍മ്മാണം തുടർന്നാലുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് ഉടമ ഉത്തരവാദിയാരിക്കുമെന്നുമാണ് നോട്ടീസിൽ പറഞ്ഞിട്ടുളളത്. കഴിഞ്ഞ ദിവസം ദേവികുളത്തെ പുതിയ കൈയ്യേറ്റം ഒഴിപ്പിച്ച റവന്യൂ ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ മൂന്നാറിലെ ഫുഡ് പാത്ത് കൈയ്യേറ്റങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.