വീണ്ടും കയ്യേറ്റ ശ്രമം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വേലി കെട്ടിതിരിച്ച് സംരക്ഷിക്കുന്നതിന് നടപടിയുമായി റവന്യൂ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.


ഇടുക്കി: കയ്യേറ്റങ്ങള്‍ ഒഴുപ്പിക്കുന്നതിനൊപ്പം തിരിച്ച് പിടിച്ച സര്‍ക്കാര്‍ ഭൂമികള്‍ സംരക്ഷിക്കുന്നതിനും നടപടിയുമായി റവന്യൂ വകുപ്പ്. ഇടുക്കി കരിമലിയില്‍ കയ്യേറ്റമൊഴിപ്പിച്ച് തിരിച്ച് പിടിച്ച് ഭൂമി വേലി കെട്ടി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി.

2020 ഫെബ്രുവരിയിലാണ് കൊന്നത്തടി വില്ലേജിലെ കരിമല മലമുകളിലെ സ്വകാര്യ വ്യക്തിയുടെ കയ്യേറ്റം ഒഴുപ്പിച്ച് 250 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി റവന്യൂവകുപ്പ് ഏറ്റെടുത്തത്. ഇവിടെ നിര്‍മ്മിച്ചിരുന്ന കെട്ടിടവും റവന്യൂ വകുപ്പ് സീല്‍ ചെയ്തിരുന്നു. ജില്ലാ കളക്ടര്‍ നേരിട്ടെത്തിയാണ് ബോര്‍ഡ് സ്ഥാപിച്ച് ഭൂമി തിരിച്ചുപിടിച്ചത്. 

എന്നാല്‍ പിന്നീട് വീണ്ടും ഇവിടെ കയ്യേറ്റ ശ്രമം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വേലി കെട്ടിതിരിച്ച് സംരക്ഷിക്കുന്നതിന് നടപടിയുമായി റവന്യൂ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

സര്‍ക്കാര്‍ ഭൂമിയുടെ ഒരിഞ്ചുപോലും അനധികൃതമായി കൈവശം വയ്ക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് റവന്യൂ വകുപ്പ് അതുകൊണ്ട് തന്നെ ചിന്നക്കനാല്‍ അടക്കമുള്ള മേഖലകളിലെ വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടികളുമായി മുമ്പോട്ട് പോകുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona