Asianet News MalayalamAsianet News Malayalam

നെഹ്റു ട്രോഫി വള്ളം കളി; തര്‍ക്കങ്ങളില്ലാത്ത തുടക്കം നല്‍കാന്‍ ഋഷികേശ്

 പ്രളയത്തെ തുടര്‍ന്ന് മാറ്റിവെച്ച നെഹ്രുട്രോഫി നാളെ തുടങ്ങുമ്പോള്‍ തര്‍ക്കങ്ങളില്ലാത്ത തുടക്കത്തിനായി നെഹ്റു ട്രോഫി ആരാധകര്‍ കാത്തിരിക്കുകയാണ്. എല്ലാ വര്‍ഷവും വള്ളംകളി വൈകാനുള്ള പ്രധാന കാരണം ' സ്റ്റാർട്ടിംഗ് എ' സംവിധാനത്തിലെ പിഴവുകളാണ്. എന്നാല്‍ ഇത്തവണ കളി മാറും. ഋഷികേശിന്‍റെ കണ്ടുപിടിത്തത്തിലുള്ള വിശ്വാസമാണ് കാരണം. 

Rishikesh to give the start in Nehru Trophy Boat race
Author
Alappuzha, First Published Nov 9, 2018, 9:32 AM IST

ആലപ്പുഴ:  പ്രളയത്തെ തുടര്‍ന്ന് മാറ്റിവെച്ച നെഹ്രുട്രോഫി നാളെ തുടങ്ങുമ്പോള്‍ തര്‍ക്കങ്ങളില്ലാത്ത തുടക്കത്തിനായി നെഹ്റു ട്രോഫി ആരാധകര്‍ കാത്തിരിക്കുകയാണ്. എല്ലാ വര്‍ഷവും വള്ളംകളി വൈകാനുള്ള പ്രധാന കാരണം ' സ്റ്റാർട്ടിംഗ് എ' സംവിധാനത്തിലെ പിഴവുകളാണ്. എന്നാല്‍ ഇത്തവണ കളി മാറും. ഋഷികേശിന്‍റെ കണ്ടുപിടിത്തത്തിലുള്ള വിശ്വാസമാണ് കാരണം. 

നെഹ്രുട്രോഫി വള്ളംകളി മത്സരത്തില്‍ സ്റ്റാര്‍ട്ടിംഗ് കല്ലുകടിയായി മാറുന്നത് പതിവാണ്. ഇക്കാരണത്താല്‍ മത്സരം ഏറെ വൈകിയത് ജലോത്സവ പ്രേമികളെ അലോസരപ്പെടുത്തിയിരുന്നു. കഴിഞ്ഞ തവണയും സ്റ്റാര്‍ട്ടിങ്ങിനെ ചൊല്ലി തര്‍ക്കമുണ്ടായി.  ഇത്തവണ അതുണ്ടാകരുതെന്ന പ്രാര്‍ത്ഥനയിലായിരുന്നു വള്ളം കളി പ്രേമികള്‍. ഇതിനൊരു പരിഹാരവുമായാണ് മുഹമ്മ സ്വദേശിയായ ഋഷികേശിന്റെ  കടന്നു വരവ്.  

ഗ്രാമീണ കണ്ടുപിടുത്തങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ 43 കാരന്‍ രൂപം നല്‍കിയ സ്റ്റാര്‍ട്ടിംഗ് സംവിധാനം ഈ പോരായ്മകള്‍ മറികടക്കുമെന്നണ് പ്രതീക്ഷിക്കുന്നത്. 40 മീറ്ററിലധികം നീളം വരും മിക്ക ചുണ്ടന്‍ വള്ളങ്ങള്‍ക്കും. അവയെല്ലാം ഒരേ നിരയില്‍ നിര്‍ത്തി സ്റ്റാര്‍ട്ട് ചെയ്യുന്നത് മിക്കപ്പോഴും തര്‍ക്കങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഇടയാക്കിയിട്ടുണ്ട്. അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇദ്ദേഹം. 

ഋഷികേശ് നിര്‍മ്മിച്ച പുതിയ സംവിധാനത്തില്‍ ചുണ്ടന്‍ വള്ളങ്ങളുടെ അമരത്ത് ബെല്‍റ്റ് കെട്ടി കായലില്‍ താല്‍ക്കാലികമായി തയ്യാറാക്കിയ ഫ്ലോട്ടിംഗ് പ്ലാറ്റ്‌ഫോമുമായി ബന്ധിക്കുന്നു. പ്ലാറ്റ്‌ഫോം കായലില്‍ ഉറപ്പിച്ചിട്ടുള്ള പോളില്‍ ബന്ധിച്ചിരിക്കും. ഒരു റേസില്‍ പങ്കെടുക്കുന്ന നാല് വള്ളങ്ങളും ഇങ്ങനെ പ്ലാറ്റ്‌ഫോമുമായി ബന്ധിച്ചതിനുശേഷമാണ് റേസ് ആരംഭിക്കുക.

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോക്കാണ് വള്ളത്തെ ഫ്ളോട്ടിംഗ് പ്ലാറ്റ് ഫോമില്‍ ബന്ധിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. റിമോട്ട് കണ്‍ട്രോള്‍ അമര്‍ത്തുന്നതോടെ ലോക്കുകള്‍ എല്ലാം തുറക്കുകയും വള്ളങ്ങളുടെ മുന്നിലുള്ള ബാര്‍ വെള്ളത്തിലേക്ക് താഴുകയും ചെയ്യും. ഇതോടെ എല്ലാ വള്ളങ്ങള്‍ക്കും ഒരേസമയം മുന്നോട്ട് നീങ്ങാന്‍ പറ്റും. ഋഷികേശിന്‍റെ കണ്ടുപിടിത്തം പതിവ് പരാതികള്‍ക്ക് പരിഹാരമാകുമെന്ന കണക്കുകൂട്ടലിലാണ് സംഘാടകര്‍. 

ഋഷികേശ് തയ്യാറാക്കിയ പുതിയ സ്റ്റാര്‍ട്ടിംഗ് സംവിധാനം ഓഗസ്റ്റില്‍ ട്രയല്‍ നടത്തിയിരുന്നു. സ്റ്റാര്‍ട്ടിംഗ് സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ബോട്ട് റേസ് കമ്മിറ്റിയുടെ വിലയിരുത്തല്‍. ഋഷികേശിന് നിര്‍മ്മാണ ചെലവ് മാത്രമേ കമ്മിറ്റി കൊടുത്തിട്ടുള്ളൂ. എന്നാല്‍, ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ മറ്റുള്ള റേസുകളില്‍ ഈ സംവിധാനം ഉപയോഗിക്കുന്നതിന് ഋഷികേശിന് റോയല്‍റ്റി നല്‍കും. 

സാമ്പത്തിക പ്രയാസങ്ങള്‍മൂലം പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാതിരുന്ന ഋഷികേശ് വര്‍ഷങ്ങളായി അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മെക്‌സിക്കോയില്‍ നിന്നും ഓണ്‍ലൈന്‍വഴിയാണ് സാങ്കേതിക വിദ്യകള്‍ പഠിച്ചത്. ഇപ്പോള്‍ എഞ്ചിനീയറിംഗ് കോളജുകളിലും ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും പ്രൊജക്ട് അവതരിപ്പിക്കുവാന്‍ ഋഷികേശിനെ ക്ഷണിക്കാറുണ്ട്. 

കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ ഋഷികേശിന് പ്രാരാബ്ദങ്ങള്‍ മാത്രമാണ് ഇപ്പോഴും കൂട്ട്. കടം വാങ്ങിയാണ് മിക്ക ഉപകരണങ്ങളും നിര്‍മ്മിക്കുന്നതിനുള്ള പണം ഇദ്ദേഹം കണ്ടെത്തുന്നത്. കടം കയറി ഇപ്പോള്‍ താമസിക്കുന്ന വീട് ഉള്‍പ്പടെ ജപ്തിഭീഷണി നേരിടുകയാണ് ഇദ്ദേഹം. 
 

Follow Us:
Download App:
  • android
  • ios