തിരുവനന്തപുരം: ജീവിതത്തിന്‍റെ താളം തെറ്റിച്ച അവശതകള്‍ക്കിടയിലും ജീവിതം കരുപിടിപ്പിക്കാനുള്ള കഠിന യത്നത്തിലാണ് വിഴിഞ്ഞം സ്വദേശി റിയാസ്. ഈ ലോക്ഡൗണ്‍ റിയാസിന്‍റെ ജീവിതത്തെക്കുറിച്ചുള്ള വർണ്ണ സ്വപ്നങ്ങളെയാണ് താറുമാറാക്കിയത്. ആര്‍ക്ക് മുന്നിലും കൈനീട്ടാതെ സ്വന്തമായി ഒരു കൈതൊഴില്‍ ചെയ്ത് റിയാസ് ജീവിതം പച്ചപിടിപ്പിക്കാന്‍ തുടങ്ങിയത് വളരെ പാടുപെട്ടാണ്. സ്വാഭാവിക ചലനങ്ങൾക്ക് തടസമായ അവശതകൾക്കിടയിലും കിടക്കയില്‍ കിടന്ന് ചെയ്യാന്‍ കഴിയുന്ന തൊഴിലന്വേഷിച്ച റിയാസിന് മുന്നിലേക്കെത്തിയതാണ് കുടനിര്‍മ്മാണവും ഹരിത സംരക്ഷണ വിത്ത് പേന നിര്‍മ്മാണവും.

ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്‍റെ ഏക വരുമാനമാണ് കുട നിര്‍മ്മാണത്തിലൂടെ ലഭിക്കുന്ന തുഛമായ തുക.  പ്രതീക്ഷയോടെ കാത്തിരുന്ന ഈ സ്‌കൂള്‍ സീസണിന് മുന്നേ ലോക് ഡൗണ്‍ തുടങ്ങിയതോടെ നിര്‍മ്മിച്ച കുടകൾ വില്‍ക്കാന്‍ കഴിയാതെയും കുടനിര്‍മ്മാണത്തിനുള്ള സാധനങ്ങളും ലഭ്യമല്ലാതായതും റിയാസിന്‍റെയും കുടുംബത്തിന്‍റെയും ജീവിതം വഴിമുട്ടിച്ചു. 

ഗല്‍ഫിലെ ഡ്രൈവറായിരുന്ന റിയാസ് മൂന്ന് വര്‍ഷം മുമ്പ് സംഭവിച്ച അപകടത്തിലാണ് അരയ്ക്ക് താഴെ തളര്‍ന്ന് കിപ്പിലായത്. മൂന്ന് വര്‍ഷം മുമ്പ് സഹോദരിയുടെ ഭര്‍ത്തവിനൊപ്പം ലോറിയില്‍ മംഗലാപുരത്തേക്ക് മത്സ്യമെടുക്കാന്‍ പോയതായിരുന്നു ഇരുവരും. എന്നാല്‍  യാത്രക്കിടെ കണ്ണൂരില്‍ വച്ച് സംഭവിച്ച അപകടത്തില്‍ സഹോദരിയുടെ ഭര്‍ത്താവ് അപകടസ്ഥലത്ത് മരിച്ചു. ഗുരുതരമായി പരിക്കേറ്റ റിയാസ് അബോധവാസ്ഥയില്‍ ആഴ്ചകളോളം വെന്‍റിലേറ്ററിലായിരുന്നു. ഒരു വര്‍ഷത്തിലെറെ വിവിധ ആശുപത്രികളില്‍ നടത്തിയ ചികിത്സക്കൊടുവിലാണ് റിയാസിന്  ചെറിയ തോതിലെങ്കിലും ശരീരം അനക്കാനായത്. ഇപ്പോഴും റിയാസിന് പരസഹായമില്ലാതെ എണീറ്റിരിക്കാന്‍ പോലും കഴിയില്ല.

സ്വന്തമായി ഒരു കിടപ്പാടം എന്ന സ്വപ്നത്തിന് വേണ്ടിയാണ് അവശതകള്‍ക്കിടയിലും റിയാസിന്‍റെ അദ്ധ്വാനം. പുലര്‍ച്ചെ മുതല്‍ രാത്രി വൈകുവോളം കുടയും പേനയും നിര്‍മ്മിക്കുമ്പോള്‍ റിയാസിന് ലഭിക്കുന്നത് തുഛമായ വരുമാനം മാത്രമാണ്. അതുപോലും ലഭിക്കാത്ത സ്ഥിതിയാണ് ഇപ്പോള്‍. റിയാസ് തന്നെ കാണാനെത്തുന്നവരോട് ആവശ്യപ്പെടുന്നത് ഒന്നേയുള്ളു തന്‍റെ ഉല്പന്നങ്ങൾ വാങ്ങണമെന്ന അഭ്യര്‍ഥന. തന്‍റെ ഉള്‍പ്പന്നങ്ങള്‍ക്ക് അര്‍ഹമായ വിപണന സാധ്യത ലഭിച്ചാല്‍ തങ്ങളുടെ ജീവിതം തിരിച്ചു പിടിപ്പിക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് റിയാസും കുടുംബവും.

മൂന്ന് സെന്‍റ് സ്ഥലം വാങ്ങുന്നതിനായി സ്ഥലം കണ്ടെത്തി അഡ്വാന്‍സ് നല്‍കാനിരിക്കുമ്പോഴായിരുന്നു ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. നിങ്ങളുടെ കുടുംബത്തിന് ഒരു കുടവാങ്ങണമെന്ന് തോന്നുമ്പോള്‍ റിയാസിനെ മൊബൈലിലേക്ക് ഒരു സന്ദേശമയച്ചാല്‍ മതി.  കൊറിയറില്‍ ഗുണമേന്മയുള്ള കുടയെത്തും. 9847384780 എന്നതാണ് റിയാസിന്‍റെ ഫോണ്‍ നമ്പര്‍. വിറ്റഴിയുന്ന ഓരോ കുടയും  അതിജീവനത്തിന് കരുത്ത് പകരുമെന്ന  പ്രതീക്ഷയിലാണ് ഈ കുടുംബം. 

വായിക്കാം:  പണം തട്ടിയെന്ന പരാതി: സിപിഎം വനിതാ നേതാവിനെതിരെ കേസെടുത്ത് പൊലീസ്