ആലപ്പുഴ: കരാര്‍ കാലാവധി ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കെ അമ്പലപ്പുഴയില്‍ റോഡിന്റെ ഒരു ഭാഗം തകര്‍ന്നു. അമ്പലപ്പുഴ തിരുവല്ല റോഡില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് രണ്ട് മീറ്ററിലധികം റോഡ് തകര്‍ന്നത്. ഇവിടെ റോഡിനു കുറുകെ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനും കേബിളും കടന്നു പോകുന്നുണ്ട്. 

പൈപ്പ് ലൈന്‍ പൊട്ടി കഴിഞ്ഞ ഏതാനും ദിവസമായി കുടിവെള്ളം പാഴായിരുന്നു. ഇതിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റോഡ് ഈ രീതിയില്‍ തകര്‍ന്നത്. പൊട്ടിയ ഭാഗത്തിന് ഇരുവശത്തുമായി റോഡ് വിണ്ടുകീറിയിട്ടുമുണ്ട്. അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ റോഡിന്റെ മറ്റ് ഭാഗവും തകരാനാണ് സാധ്യത. 

മൂന്നു വര്‍ഷക്കാലത്തെ കരാര്‍ കാലാവധിയില്‍ ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയാണ്  അറ്റകുറ്റപ്പണി ചെയ്യേണ്ടത്. ഈ ഭാഗം റോഡ് പൊളിച്ച ശേഷം മാത്രമേ ഇനി പൈപ്പ് ലൈന്റെ അറ്റകുറ്റപ്പണി നടക്കൂ. ഇതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയും ആവശ്യമാണ്.