കോടികൾ ചിലവഴിച്ച് നിർമിച്ച റോഡ് മാസങ്ങൾക്കകം തകർന്നുതുടങ്ങി; കുഴിയടയ്ക്കാനെത്തിയവരെ നാട്ടുകാർ തടഞ്ഞു
കിലോമീറ്ററിന് ഒരു കോടി രൂപ ചിലവഴിച്ച് മുക്കം അഗസ്ത്യമുഴി മുതല്‍ കുന്നമംഗലം വരെയുള്ള 14 കിലോമീറ്റര്‍ ദൂരം നാല് വര്‍ഷം മുന്‍പാണ് നവീകരിച്ചത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ വിവിധയിടങ്ങളില്‍ റോഡ് തകര്‍ന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
കോഴിക്കോട്: കോടികള്‍ ചിലവഴിച്ച് നവീകരിച്ച റോഡിലെ കുഴി അടക്കാനെത്തിയവരെ നാട്ടുകാര്‍ തടഞ്ഞു. അഗസ്ത്യമുഴി - കുന്നമംഗലം റോഡിലെ മുക്കം അഗസ്ത്യമുഴിയില്‍ രൂപപ്പെട്ട കുഴി താല്‍കാലികമായി അടക്കാന്‍ വന്ന മലപ്പുറം മഞ്ചേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ അസോസിയേറ്റ്സ് കമ്പനിയുടെ ജീവനക്കാരെയാണ് തടഞ്ഞത്. കിലോമീറ്ററിന് ഒരു കോടി രൂപ ചിലവഴിച്ച് മുക്കം അഗസ്ത്യമുഴി മുതല്‍ കുന്നമംഗലം വരെയുള്ള 14 കിലോമീറ്റര്‍ ദൂരം നാല് വര്‍ഷം മുന്‍പാണ് നവീകരിച്ചത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ വിവിധയിടങ്ങളില്‍ റോഡ് തകര്‍ന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
സ്ഥിരമായി റോഡ് തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെടുന്ന അഗസ്ത്യമുഴി അങ്ങാടിയില്‍ നിന്നും 200 മീറ്റര്‍ മാറിയുള്ള സ്ഥലത്താണ് കരാറുകാരുടെ തൊഴിലാളികൾ കുഴിയടക്കാന്‍ എത്തിയത്. വലിയ ഇറക്കവും വളവുമുള്ള ഇവിടെ രൂപപ്പെട്ട വലിയ കുഴികള്‍ അശാസ്ത്രീയമായതി അടക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. നവീകരണ പ്രവര്‍ത്തിയുടെ ഗുണനിലവാര കുറവ് ശ്രദ്ധയില്‍പ്പട്ടതിനെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ തന്നെ പരാതി ഉയര്‍ന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. പി.ഡബ്ല്യൂ.ഡി എഞ്ചിനിയറുടെയും കരാറുകാരന്റെയും ഫോണ്‍ നമ്പര്‍ ഉള്ള ബോര്‍ഡ് അഗസ്ത്യമുഴി അങ്ങാടിയില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഈ നമ്പറില്‍ വിളിച്ചാല്‍ ആരെയും ലഭിക്കാറില്ലെന്നും പരാതിയുണ്ട്. നാട്ടുകാര്‍ തടഞ്ഞതോടെ കരാര്‍ കമ്പനി ജീവനക്കാര്‍ തിരിച്ചുപോയി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം